കോട്ടയം: പാമ്പാടിയിൽ സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ ബസിനടിയിൽപ്പെട്ട് മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.
കട്ടപ്പന-കോട്ടയം റൂട്ടിലോടുന്ന ‘സി.എം.എസ്’ ബസിന്റെ ഡ്രൈവർക്കെതിരെയാണ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരിക്കുന്നത്. ബസുകളുടെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
മീനടം വട്ടക്കാവുങ്കൽ വീട്ടിൽ ആഷ്‌ലി ആൻ തോമസ് (24), പാമ്പാടി കടവുംഭാഗം വീട്ടിൽ കൃപ (24) എന്നിവരാണ് ബുധനാഴ്ചയുണ്ടായ അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. പൊൻകുന്നം ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറും, കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് അപകടത്തിൽപ്പെട്ടത്.
എതിർദിശയിൽ നിന്ന് വന്ന സ്കൂട്ടർ യാത്രക്കാർ ബസിനടിയിലേക്ക് വീഴുകയായിരുന്നു. തൽക്ഷണം തന്നെ ഇരുവരും മരണപ്പെട്ടു. റോഡിൽ സംസാരിച്ചു നിന്ന രണ്ട് പേർക്കെതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റോഡിൽ നിന്ന് സംസാരിച്ചു നിന്നവരെ ഇടിക്കാതിരിക്കാൻ ഒരു കാർ പെട്ടെന്നു ബ്രേക്കിടുകയും, തുടർന്ന് പിന്നിലുണ്ടായിരുന്ന സ്കൂട്ടർ യാത്രികർ വെട്ടിച്ചു മാറ്റാൻ ശ്രമിക്കവെ നിയന്ത്രണം നഷ്ടപ്പെട്ട് ബസിനടിയിലേക്ക് വീഴുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
