കൊച്ചി : സ്ത്രീകൾ വീടുകളിൽ തന്നെ ഒതുങ്ങിക്കഴിയണമെന്നും പൊതുരംഗത്തേക്ക് ഇറങ്ങരുതെന്നും വ്യക്തമാക്കിക്കൊണ്ട് കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ നടത്തിയ പരാമർശങ്ങൾ പുതിയ വിവാദത്തിന് വഴിതുറക്കുന്നു. കൊച്ചിയിൽ നടന്ന ഹുബ്ബുർറസൂൽ സമ്മേളനത്തിൽ സംസാരിക്കവെയാണ് സ്ത്രീകളുടെ അന്തസ്സും സുരക്ഷയും കാത്തുസൂക്ഷിക്കാൻ ഇസ്‌ലാം പർദ്ദ നിർബന്ധമാക്കിയതിനെ ന്യായീകരിച്ച് കാന്തപുരം വിവാദ പരാമർശങ്ങൾ ഉന്നയിച്ചത്. സ്ത്രീകളെ പെട്ടിയിൽ സൂക്ഷിക്കേണ്ട സ്വർണ്ണാഭരണങ്ങളോട് ഉപമിച്ച അദ്ദേഹം, സ്ത്രീകളെ പൊതുരംഗത്തേക്ക് കൊണ്ടുവരുന്നത് വൻ നാശത്തിന് വഴിവെക്കുമെന്നും വിശുദ്ധ ഖുർആൻ അങ്ങനെയാണ് അനുശാസിക്കുന്നതെന്നും അവകാശപ്പെട്ടു. ഇത് സ്ത്രീകളെ തരംതാഴ്ത്താനല്ല, മറിച്ച് അവരെ ആദരിക്കാനും സംരക്ഷിക്കാനുമാണെന്നാണ് അദ്ദേഹത്തിന്റെ വാദം.
ജുവല്ലറിയിൽ സ്വർണ്ണമാല പെട്ടിയിലും തുണിയിലും പൊതിഞ്ഞ് അലമാരയ്ക്കുള്ളിൽ സുരക്ഷിതമായി സൂക്ഷിക്കുന്നതും, അതേസമയം ആട്ടുകല്ലുകൾ വഴിയരികിൽ ആർക്കും ചവിട്ടാവുന്ന വിധത്തിൽ കിടക്കുന്നതും ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം തന്റെ വാദത്തെ ന്യായീകരിച്ചത്. സ്വർണ്ണമാല വഴിയരികിൽ ഇട്ടാൽ പോകുന്നവരെല്ലാം തൊട്ട് അതിന്റെ ഭംഗിയും മൂല്യവും നശിച്ചുപോകുമെന്നും, സ്വർണ്ണത്തിന്റെ മൂല്യം നിലനിൽക്കണമെങ്കിൽ അത് പെട്ടിയിൽ തന്നെ ഇരിക്കണമെന്നും കാന്തപുരം പറഞ്ഞു. സ്ത്രീകളെ പൊതുരംഗത്തേക്ക് ഇറക്കുന്നത് ഇതുപോലെ നാശമുണ്ടാക്കുമെന്നതിനാലാണ് ഇസ്‌ലാം അവർക്ക് പർദ്ദ നിർദ്ദേശിച്ചിട്ടുള്ളതെന്നും, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കഴിഞ്ഞ 100 വർഷമായി ഇതാണ് പഠിപ്പിച്ചുപോരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്‌ലാം ചരിത്രപരമായി സ്ത്രീകൾക്ക് ഉന്നത പദവിയാണ് നൽകിയിട്ടുള്ളതെന്നും പെൺഭ്രൂണഹത്യ തടഞ്ഞതും സ്വത്തവകാശം നൽകിയതും ഇസ്‌ലാമാണെന്നും പ്രസംഗത്തിൽ അദ്ദേഹം പരാമർശിച്ചു. തങ്ങളുടെ പ്രസ്താവനകൾക്കെതിരെ രംഗത്തുവരുന്ന സംഘടനകൾക്ക് മറുപടി നൽകിയ കാന്തപുരം, മതം പഠിച്ച പണ്ഡിതന്മാർക്ക് ഇതെല്ലാം തുറന്നുപറയാനുള്ള അധികാരവും കടമയുമുണ്ടെന്ന് വ്യക്തമാക്കി. തങ്ങൾ ഇത് പറയുക തന്നെ ചെയ്യുമെന്നും ആർക്കും തടയാനാവില്ലെന്നും പറഞ്ഞ അദ്ദേഹം, മറ്റ് മതങ്ങളുടെ ആചാരങ്ങളിൽ തങ്ങൾ ഇടപെടാറില്ലെന്നും എന്നാൽ മുസ്ലിം സമുദായത്തോട് സംസാരിക്കാനുള്ള പൂർണ്ണ അവകാശം തങ്ങൾക്കുണ്ടെന്നും അടിവരയിട്ടു.
