കോഴിക്കോട് : കാന്തപുരം എ.പി. വിഭാഗം പുറത്തിറക്കിയ സ്ത്രീകളെ സംബന്ധിച്ച സർക്കുലറിനെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി സമസ്ത പത്രമായ സിറാജ്. ഇസ്ലാമിക ആഘോഷവേദികളിൽ യുവതീ-യുവാക്കൾ ഇടകലർന്ന് ആടിപ്പാടുന്നത് ആഘോഷങ്ങളുടെ ആത്മീയ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം എഴുതിയ ലേഖനത്തിൽ വ്യക്തമാക്കി.
മതപരമായ ആഘോഷങ്ങളിൽ ചില ജാഗ്രതകൾ ആവശ്യമാണെന്നാവശ്യ പ്പെട്ടാണ് സമസ്ത കാന്തപുരം വിഭാഗം നേരത്തെ സർക്കുലർ പുറത്തിറക്കിയത്. അന്യസംസ്കാരങ്ങൾ മതാഘോഷങ്ങളി ലേക്ക് കൂട്ടിക്കലർത്തുന്നതും പൊതുസ്ഥലങ്ങളിലും വേദികളിലും യുവതീ-യുവാക്കളുടെ ഇടകലർന്നുള്ള പ്രദർശനവും ഒഴിവാക്കണമെന്നായിരുന്നു നിർദേശം. മതനിയമങ്ങൾ അനുസരിച്ച് ജീവിക്കാൻ താൽപര്യമുള്ള വിശ്വാസികൾക്കുള്ള ഉണർത്തലാണ് സർക്കുലറെന്നും ഇതിനെ ചിലർ അനാവശ്യമായി വിവാദമാക്കുകയാണെന്നും ലേഖനത്തിൽ പറയുന്നു. ഇസ്ലാമിക ആഘോഷങ്ങൾക്ക് ആത്മീയമായ താൽപര്യങ്ങളുണ്ടെന്നും യുവതീ-യുവാക്കൾ ഇടകലർന്ന് ആടിപ്പാടുന്നത് അതിന് വിരുദ്ധമാണെന്നും റഹ്മത്തുള്ള സഖാഫി ചൂണ്ടിക്കാട്ടി. ദഫ് പ്രദർശനം, സ്‌കൗട്ട്, ഫ്ലവർ ഷോ തുടങ്ങിയ പരിപാടികളുടെ മറവിൽ പെൺകുട്ടികളെ രംഗത്തിറക്കുന്ന സാഹചര്യം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് പണ്ഡിതന്മാർ പ്രത്യേക നിർദേശം നൽകിയതെന്നും ലേഖനം വിശദീകരിക്കുന്നു. ഇത് മുസ്ലിം സമുദായത്തോട് സ്വന്തം സംസ്കാരം കാത്തുസൂക്ഷിക്കാൻ നൽകിയ നിർദേശം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിഷയത്തിൽ പ്രതികരിച്ച കെ.കെ. ശൈലജയ്ക്കും പി.കെ. ശ്രീമതിക്കുമെതിരെയും ലേഖനത്തിൽ വിമർശനമുണ്ട്. മുസ്ലിം സ്ത്രീകളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധയും ജാഗ്രതയും കാണിക്കുന്നതിന് പകരം സ്വന്തം പാർട്ടിയിലും ഭരണത്തിലും പ്രവർത്തിക്കുന്ന സ്ത്രീകളുടെ അവകാശങ്ങൾക്കായി ഇടപെടണമെന്നായിരുന്നു വിമർശനം.
ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കളുടെ പ്രതികരണങ്ങൾക്കും ലേഖനത്തിൽ മറുപടിയുണ്ട്. പല കാര്യങ്ങളിലും പുരോഗമന ചിന്തയും ഇസ്ലാമും തമ്മിൽ വിയോജിച്ചു നിൽക്കുമെന്നും റഹ്മത്തുള്ള സഖാഫി എളമരം വ്യക്തമാക്കി.
കാന്തപുരത്തിൻ്റെ സർക്കുലറിനെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി സമസ്ത പത്രമായ സിറാജ്
