പാമ്പാടി : 2014 മുതൽ ഒരു ഗ്രാമത്തിലൂടെ തുടർച്ചയായി സർവീസ് നടത്തുന്ന ഗ്രാമസേവിനി KSRTC ബസ്സിന് നാട്ടുകാർ സ്വീകരണം നൽകി. ഗ്രാമസേവിനി റെസിഡൻ്റ്സ് അസോസിയേഷൻ്റെ ശ്രമഫലമായി 2014 ൽ തുടങ്ങിയ KSRTC ബസ്സ് 12 വർഷമായി (കോവിഡ് കാലത്തു ചുരുങ്ങിയ ദിവസങ്ങളൊഴികെ)
തുടർച്ചയായി സർവീസ് നടത്തി വരികയാണ്.
ഓണം, വിഷു സമയങ്ങളിൽ നാട്ടുകാർ ഈ ബസ്സിന് വരവേൽപ്പു നൽകുന്നത് പതിവാണ്. ‘ഗ്രാമസേവിനി ബസ്സ്’ എന്ന വിളിപ്പേരിലുള്ള ബസ്സിലെ ജീവനക്കാരും യാത്രക്കാരും തമ്മിലും വലിയ മൈത്രിയാണ്.
കോട്ടയത്തു നിന്നാരംഭിച്ച് പാമ്പാടി ഗ്രാമസേവിനി ജംഗ്ഷൻ വഴി നെന്മല, കുമ്പന്താനം, കങ്ങഴ വഴി നെടുങ്കുന്നത്തേക്കും തിരിച്ച് പാമ്പാടി വഴി കൃത്യസമയത്ത് കോട്ടയത്തേക്കും സർവീസ് നടത്തുന്ന ബസ്സ് ആറു കിലോമീറ്ററോളം പൊതു ഗതാഗത സൗകര്യമില്ലാത്ത ഗ്രാമവാസികൾക്ക് വലിയ ആശ്വാസമാണ്.
ഗ്രാമസേവിനി KSRTC എന്ന വാട്‌സ് അപ് ഗ്രൂപ്പും ഈ ബസ്സ് സർവീസിൻ്റെ സമയവും റൂട്ടിലെ സ്ഥലങ്ങളും അറിയിച്ച് സജീവമാണ്.
ഒരു വ്യാഴവട്ടം സർവ്വീസ് പൂർത്തിയാക്കിയ KSRTC ബസ്സിനെ ഗ്രാമസേവിനി പ്രസിഡൻ്റ് അഡ്വ കെ. ആർ. രാജൻ്റെ നേതൃത്വത്തിൽ നാട്ടുകാർ സ്വീകരിച്ചു. കൊടിതോരണവും വാഴയും കെട്ടി ബസ്സ് അലങ്കരിച്ചു സുഗന്ധം പൂശി.. ഡ്രൈവർക്കും കണ്ടക്ടർക്കും ഓണപ്പുടവ നൽകി. യാത്രക്കാർക്ക് ഉപ്പേരിയും മധുരവും നൽകിയാണ് യാത്രയാക്കിയത്.
ഗ്രാമസേവിനി യുടെ നേതൃത്വത്തിൽ നെന്മലയിൽ നടത്തിയ സ്വീകരണത്തിന് അഡ്വ കെ.ആർ രാജൻ, പി.ആർ. അജിത് കുമാർ കുര്യാക്കോസ് ഈപ്പൻ, തോമസ് ലാൽ,രബീന്ദ്ര നാഥൻ നായർ, ബിജു തോമസ്, രാജേഷ് പുളിന്താനം,അനീഷ് രാജപ്പൻ, സുരേന്ദ്രനാഥൻ നായർ, സന്തോഷ്, സുനിൽ പുളിന്താനം, പ്രദീപ്, സജി തുടങ്ങിയവർ നേതൃത്വം നൽകി.
