പാലാ : കേരള പൊലീസ് സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നടപ്പാക്കുന്ന സംരക്ഷ -2026 പദ്ധതിയുടെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ചു മെഗാ രക്തദാന ക്യാമ്പ് നടത്തി.
പാലാ സബ് ഡിവിഷിനിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ രക്തം ദാനം ചെയ്തു. ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ ഉദ്ഘാടനം നിർവ്വഹിച്ചു.
ഔദ്യോഗിക ജോലികൾക്കൊപ്പം മറ്റുള്ളവർക്കു കൂടി പ്രയോജനകരമായ വിധം രക്തം ദാനം ചെയ്യാനുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരവും പ്രശംസനീയവുമാണെന്നു അദ്ദേഹം പറഞ്ഞു.
ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർകോമഡോർ ഡോ.പോളിൻ ബാബു, പാലാ സർക്കിൾ ഇൻസ്പെക്ടർ എം.ഡി.അഭിലാഷ്, കിടങ്ങൂർ എസ്.എച്ച്.ഒ കിഷോർ സണ്ണി എന്നിവർ പ്രസംഗിച്ചു.
