തുലാവർഷം ശക്തം; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്; തെക്കൻ കേരളത്തിൽ വെള്ളക്കെട്ട് രൂക്ഷം

തിരുവനന്തപുരം: തുലാവർഷം ശക്തിപ്രാപിച്ചതോടെ കേരളത്തിൽ വ്യാപക മഴ തുടരുന്നു. ഇന്ന് തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയിൽ തിരുവനന്തപുരം, കൊല്ലം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി.

തിരുവനന്തപുരത്തെ മലയോര, തീരദേശ മേഖലകളിൽ വീടുകളിൽ വെള്ളം കയറിയതോടെ ജനജീവിതം തടസ്സപ്പെട്ടു. നദികളിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. മക്കി, മരുതാമല, പേപ്പാറ, ആനപ്പാറ തുടങ്ങിയ പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

കൊല്ലം ജില്ലയിലും കനത്ത മഴയെ തുടർന്ന് വ്യാപക വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. ചാത്തന്നൂരിൽ സർവീസ് റോഡിൽ വെള്ളം കയറിയതോടെ കാർ പകുതിയോളം മുങ്ങി. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ദേശീയപാത 66-ലും കരുനാഗപ്പള്ളി, കുണ്ടറ മേഖലകളിലും വെള്ളക്കെട്ട് ഗതാഗതത്തെ ബാധിച്ചു.

ഏഴുകോണിൽ ഇടിമിന്നലേറ്റ് യുവാവിന് പൊള്ളലേറ്റു. ഇടിമിന്നലിനെ തുടർന്ന് വീടുകളിലെ വൈദ്യുത ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

*എട്ട് ജില്ലകളിൽ നാളെയും യെല്ലോ അലർട്ട്*

മഴ മുന്നറിയിപ്പിന്റെ ഭാഗമായി നാളെ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

*ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തായ്‌ലൻഡ് കടലിടുക്കിലും ചക്രവാതച്ചുഴികൾ നിലനിൽക്കുന്നതാണ് കാലാവസ്ഥാ സാഹചര്യങ്ങളെ സ്വാധീനിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. ഈ കാലാവസ്ഥാ സംവിധാനങ്ങളുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകാമെന്നാണ് മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!