തിരുവനന്തപുരം : സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനവും വിനോദവും ഒരുപോലെ പകര്‍ന്നുനല്‍കുന്നതിനായി കുറഞ്ഞ ചെലവില്‍ പ്രത്യേക വിനോദയാത്രാ പാക്കേജുമായി കെഎസ്ആര്‍ടിസി. ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം, കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് ‘വിജ്ഞാന ദര്‍ശിനി’ എന്ന പേരില്‍ പുതിയ വിനോദയാത്രാ പദ്ധതി നടപ്പിലാക്കുന്നത്.
സാംസ്‌കാരിക സ്ഥാപനങ്ങള്‍, പുരാവസ്തു കേന്ദ്രങ്ങള്‍, ഫാക്ടറികള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവ സന്ദര്‍ശിച്ച് വിനോദത്തോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനവും പ്രായോഗിക അറിവും പകര്‍ന്നു നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിലേക്കും സമീപപ്രദേശങ്ങളിലെ ആകര്‍ഷണീയ കേന്ദ്രങ്ങളിലേക്കുമായിരിക്കും വിവിധ യാത്രാ പാക്കേജുകള്‍ ഒരുക്കുക. തിരുവനന്തപുരം ജില്ലയില്‍ കാപ്പുകാട് ആനവളര്‍ത്തല്‍ കേന്ദ്രം, നെയ്യാര്‍ ഡാം, പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, വിതുരയിലെ ജേഴ്‌സി ഫാം, മ്യൂസിയം, പ്ലാനറ്റേറിയം തുടങ്ങിയ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് യാത്രകള്‍ ക്രമീകരിച്ചിരിക്കുന്നത്.
മറ്റ് ജില്ലകളിലും ‘വിജ്ഞാന ദര്‍ശിനി’ പാക്കേജ് നടപ്പിലാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യകതകള്‍ക്കനുസരിച്ച് ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സൗകര്യത്തിനും ആവശ്യകതകള്‍ക്കും അനുസരിച്ച് യാത്രകള്‍ ക്രമീകരിക്കുന്നതിനും പാക്കേജുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും അതത് ജില്ലകളിലെ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെടാവുന്നതാണ്.
ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരുടെ ബന്ധപ്പെടേണ്ട നമ്പറുകള്‍:
തിരുവനന്തപുരം നോര്‍ത്ത് 9188619378
തിരുവനന്തപുരം സൗത്ത് 9188938522
കൊല്ലം 9188938523
പത്തനംതിട്ട 9188938524
ആലപ്പുഴ 9188938525
കോട്ടയം 9188938526
ഇടുക്കി 9188938527
എറണാകുളം 9188938528
തൃശ്ശൂര്‍ 9188938529
പാലക്കാട് 9188938530
മലപ്പുറം 9188938531
കോഴിക്കോട് 9188938532
വയനാട് 9188938533
കണ്ണൂര്‍ & കാസര്‍കോട് 9188938534
വിദ്യാഭ്യാസവും വിനോദവും കൈകോര്‍ക്കുന്ന ‘വിജ്ഞാന ദര്‍ശിനി’യിലൂടെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന്റെ ഭാഗമായി പുതിയ അനുഭവങ്ങളും അറിവുകളും നേടുന്നതിനുള്ള അവസരമാണ് കെഎസ്ആര്‍ടിസി ഒരുക്കുന്നത്.
