തലയോലപ്പറമ്പ് : സ്കൂട്ടറിൽ പോകുന്നതിനിടെ റോഡിൽ നിന്നും കിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണ്ണമാല പോലിസ് സ്റ്റേഷനിൽ ഏൽപ്പിച്ച് യുവഅഭിഭാഷക.
ഹൈക്കോടതി അഭിഭാഷകയായ പാമ്പാടി മാടപ്പാട്ട് സ്വദേശിനി ഐശ്വര്യാ . വി ഗോപാലാണ് മാതൃകയായത്.
ബുധനാഴ്ച രാവിലെയാണ് സംഭവം. കോട്ടയത്ത് നിന്നും എറണാകുളത്തേക്ക് തിരുവോണ ദിവസമായിട്ടും ഒരു കൗൺസലിംഗ് പരിപാടിക്ക് സ്കൂട്ടറിൽ പോകുന്നതിനിടെയാണ് കടുത്തുരുത്തി ബൈപ്പാസിന് സമീപം റോഡരികിൽ നിന്ന് ഐശ്വര്യക്ക് മാല കിട്ടുന്നത്. തുടർന്ന് മുന്നോട്ട് പോകുന്നതിനിടെ സമീപത്തുള്ള തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തി മാല ഏൽപ്പിച്ചശേഷം യാത്ര തുടർന്നു.
ഇതിനിടെയാണ് ബിസിനസ്സുകാരനായ പെരുവ ശാന്തിപുരം ഐക്കരവേലിൽ അമലേക്ക് രാജേഷ് മാല നഷ്ട്ടപ്പെട്ട പരാതിയുമായി കടുത്തുരുത്തി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് തലയോലപ്പറമ്പ് സ്റ്റേഷനിൽ ഒരു മാല ലഭിച്ചിട്ടുള്ള വിവരം അറിയുന്നതും. തുടർന്ന് അവിടെയെത്തി മാല തൻ്റേതെന്ന് ഉറപ്പുവരുത്തി ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി.
കടുത്തുരുത്തി ബൈപ്പാസിന് സമീപമുള്ള ഹോട്ടലിൽ ഭക്ഷണം കഴിച്ച് കാറിൽ കയറുന്നതിനിടെയാണ് അമലേക്കിന് കഴുത്തിൽ കിടന്ന മാല നഷ്ട്ടപ്പെടുന്നത്.
പോലീസ് ഉദ്യോഗസ്ഥർ അഭിഭാഷകയെ വിവരം അറിയിച്ചു. തുടർന്ന് കോട്ടയത്തേക്ക് മടങ്ങുന്നതിനിടെ ബുധനാഴ്ച്ച വൈകിട്ട് 6.30 ഓടെ തലയോലപ്പറമ്പ് സ്റ്റേഷനിൽ യുവ അഭിഭാഷകയെത്തി പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഉടമയ്ക്ക് മാല കൈമാറി.
ഐശ്വര്യയുടെ മാതൃകാപരമായ പ്രവർത്തിയെ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ നിന്നുമുള്ളവർ പ്രശംസിച്ചു.
