കൊല്ലം: കുളത്തൂപ്പുഴയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. വില്ലുവല സ്വദേശി സജിയാണ് മരിച്ചത്. ജീപ്പ് നിർത്തുന്നതിനിടെ വാഹനം ഉരുണ്ടുപോയതാണ് അപകടത്തിന് കാരണം.

സുഹൃത്തിനൊപ്പം നടുവണ്ണൂർ കടവിലെത്തിയതായിരുന്നു സജി. സുഹൃത്താണ് ജീപ്പ് ഓടിച്ചിരുന്നത്. വഴിയരികിൽ ജീപ്പ് നിർത്തിയശേഷം സുഹൃത്ത് പുറത്തിറങ്ങി. ഇതിനിടെ ഇടതുഭാഗത്ത് ഇരിക്കുകയായിരുന്ന സജി ഡ്രൈവിങ് ഭാഗത്തേക്ക് എത്തി ജീപ്പിന്റെ താക്കോൽ എടുക്കാൻ ശ്രമിക്കുകയായിരുന്നു.
ഈ സമയത്ത് ജീപ്പ് പെട്ടെന്ന് ഉരുണ്ട് താഴ്ചയിലേക്ക് പോകുകയായിരുന്നു. ജീപ്പ് പിടിച്ചുനിർത്താൻ സജി ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് സമീപത്തെ കുഴിയിലേക്ക് ജീപ്പ് മറിയുകയായിരുന്നു. ജീപ്പിനടിയിൽപ്പെട്ട സജിക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ കുളത്തൂപ്പുഴ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കുളത്തൂപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം കുളത്തൂപ്പുഴ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
