25,000 ചതുരശ്ര അടി, 10 ടൺ പൂക്കൾ, 1500 പേരുടെ അധ്വാനം; ഇരുളത്ത് വിരിഞ്ഞത് പടുകൂറ്റൻ പൂക്കളം…

പുൽപ്പള്ളി(വയനാട്) : ഓണാഘോഷത്തിന് വർണപ്പകിട്ടേകി വയനാട്ടിലെ ഇരുളം ഗ്രാമം. ‘ഇരുളത്താണ് ഓണം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവ ത്തിന്റെ ഭാഗമായി ഗവ. ഹൈസകൂൾ മൈതാനത്ത് ഒരുക്കിയ പടുകൂറ്റൻ പൂക്കളം കൗതുകക്കാഴ്ചയായി. 25,000 ചതുരശ്ര അടി വിസ്തൃതിയിൽ പത്ത് ടൺ പൂക്കൾ ഉപയോഗിച്ചാണ് ഭീമൻ പൂക്കളം ഒരുക്കിയത്.

ഒറ്റദിവസം കൊണ്ടാണ് 1500 പേരുടെ കൂട്ടായ അധ്വാനത്തിൽ പൂക്കളം പൂർത്തിയാക്കിയത്. ഇരുളം ലയൺസ് ക്ലബ്ബിന്റെ ആശയമായിരുന്നു ഭീമൻ പൂക്കളം ഒരുക്കുകയെന്നത്. പിന്നീട് ആശയം നാട് ഏറ്റെടുത്തതോടെ ഇരുളത്തിന്റെ മുഴുവൻ ജനങ്ങളുടെയും ആഘോഷമായി ഇത് മാറുകയായിരുന്നു.

നാട്ടിലെ സന്നദ്ധ സംഘടനകളും വിവിധ ക്ലബ്ബുകളും ട്രേഡ് യൂണിയനുകളും വ്യാപാരികളും ഡ്രൈവർമാരുമടക്കം സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ഒരുമിച്ചാണ് പൂക്കളമൊരുക്കാൻ കൈകോർത്തത്. ഓണത്തിന്റെ സന്ദേശമായ ഒത്തൊരുമയുടെ മനോഹരമായ കാഴ്ചയായി ഇതോടെ പൂക്കളം മാറി.

പൂക്കളത്തിന്റെ മറ്റൊരു പ്രത്യേകത മാവേലിക്കൊപ്പം ഇരുളത്തുകാരുടെ വികാരമായ മണിയൻ കാട്ടാനയ്ക്കും ഇടം നൽകിയെന്നതാണ്. നാടിന്റെ ഓർമക ളോടും പ്രാദേശിക ജീവിതത്തോടും ചേർത്താണ് പൂക്കളം ഒരുക്കിയിരിക്കുന്നത്.

രാത്രിയിലും പൂക്കളത്തിന്റെ ഭംഗി ആസ്വദിക്കാനായി സ്കൂൾ മൈതാനത്ത് ഫ്ലഡ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ‘ഇരുളത്താണ് ഓണം’ സാംസ്കാരികോ ത്സവം ഓഗസ്റ്റ് 27ന് സമാപിക്കും. ഓണാഘോഷത്തിനൊപ്പം നാടിന്റെ കൂട്ടായ്മയും വിളിച്ചോതുന്ന ആഘോഷ മായി ഇരുളത്തെ ഭീമൻ പൂക്കളം മാറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!