ഓസ്ട്രേലിയയിൽ വന്ദേമാതരം ആലപിച്ച് ആഘോഷമാക്കി നന്ദഗോവിന്ദം ഭജൻസ് ടീം

പെർത്ത് : ഓസ്‌ട്രേലിയയിലെ പെർത്തിൽ ഭക്തിസാന്ദ്രമായ ആലാപനത്തിലൂടെയും ദേശസ്‌നേഹത്തിലൂടെയും ശ്രദ്ധേയമാവുകയാണ് നന്ദഗോവിന്ദം ഭജൻസ് ടീം.

പെർത്തിലെ ഹിന്ദു സാംസ്‌കാരിക സംഘടനയായ ‘സംസ്‌കൃതി’ സംഘടിപ്പിച്ച പരിപാടിയിൽ നന്ദഗോവിന്ദം ടീം ആലപിച്ച ‘വന്ദേമാതരം’ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച ഭാരതത്തിന്റെ ദേശീയ ഗീതം നന്ദഗോവിന്ദം ടീം വേദിയിൽ അവതരിപ്പിക്കുമ്പോൾ, കാണികളെല്ലാം ആദരവോടെ എഴുന്നേറ്റുനിന്ന് കൂടെ പാടുന്നത് വീഡിയോയിൽ കാണാം.

വിദേശമണ്ണിൽ ഭാരതത്തിന്റെ ആത്മാവിനെ തൊട്ടുണർത്തുന്ന ഈ ദൃശ്യങ്ങൾ പ്രവാസി മലയാളി സമൂഹത്തിനിടയിലും വലിയ ചർച്ചയായിട്ടുണ്ട്.

കോട്ടയം നട്ടാശ്ശേരി വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതുമായി ബന്ധപ്പെട്ട് നന്ദഗോവിന്ദം ഭജൻസ് ടീമിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി സംഘടിപ്പിച്ച ഭജനയ്ക്കിടെ ‘ഈ പരദേവനഹോ’ എന്ന ക്രിസ്തീയ ഭക്തിഗാനം പാടിയതിനെതിരെ ഹിന്ദു ഐക്യവേദി രംഗത്തെത്തിയിരുന്നു.

ക്ഷേത്രത്തിൽ ക്രിസ്തീയ ഗാനം പാടിയതിനെതിരെ വിമർശനങ്ങൾ ഉയർന്നപ്പോൾ തന്നെ, വിവേചനമില്ലാത്ത ഭക്തിയുടെ ഭാഗമാണ് ഇതെന്ന വിശദീകരണവുമായി ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി കൺവീനറും നന്ദഗോവിന്ദം ടീമും രംഗത്തെത്തിയിരുന്നു. ഈ വിവാദങ്ങൾക്കിടയിലാണ് ഇപ്പോൾ ഓസ്‌ട്രേലിയയിൽ നിന്നുള്ള വന്ദേമാതരം ആലാപനം വൈറലാകുന്നത്.

ഭക്തിക്കൊപ്പം തന്നെ രാജ്യത്തോടുള്ള ആദരവും ചേർത്തുപിടിക്കുന്ന നന്ദഗോവിന്ദം ടീമിന്റെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് വീഡിയോ പങ്കുവെക്കുന്നത്. മതപരമായ വേർതിരിവുകൾക്കപ്പുറം സംഗീതത്തിനും ഭക്തിക്കും സ്ഥാനമുണ്ടെന്ന് തെളിയിക്കുന്നതാണ് തങ്ങളുടെ നിലപാടെന്ന് ഭജന സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!