കരുവാറ്റയിൽ 67കാരന്റെ കൊലപാതകവും കവർച്ചയും; കൊച്ചു മകളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും

ആലപ്പുഴ : ഹരിപ്പാട് കരുവാറ്റയിൽ 67കാരന്റെ കൊലപാതകവും കവർച്ചയും ആസൂത്രണം ചെയ്തെന്ന കേസിൽ 13കാരിയായ കൊച്ചുമകളുടെ വിശദമായ മൊഴി രേഖപ്പെടുത്തും.

കോഴിക്കോട് ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസറാണ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുക. പെൺകുട്ടിയെ കൗൺസലിങ് നടത്തി മൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് പൊലീസ് ശിശുക്ഷേമസമിതിക്ക് അപേക്ഷ നൽകിയിരുന്നു.

കോഴിക്കോട് ഒബ്സർവേഷൻ ഹോമിൽ കഴിയുന്നതിനാലാണ് കോഴിക്കോട് ഡിസിപിഒയെ മൊഴിയെടുക്കാൻ ചുമതലപ്പെടുത്തിയത്. കൊലപാതകത്തിന്റെ കാരണത്തെക്കുറിച്ച് പെൺകുട്ടി ആദ്യം നൽകിയ മൊഴിയിലും പിന്നീട് നൽകിയ മൊഴിയിലും വൈരുധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

മുത്തച്ഛൻ ദുരുദ്ദേശ്യത്തോടെ മോശമായി പെരുമാറിയതിലുള്ള പകമൂലമാണ് ആൺസുഹൃത്തിനെക്കൊണ്ട് കൊലപാതകം നടത്തിച്ചതെന്നായിരുന്നു ആദ്യ മൊഴി. എന്നാൽ പിന്നീട് മൊഴി മാറ്റി.

വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ മുത്തച്ഛൻ ഇത് കണ്ടെന്നും സംഭവം പുറത്തറിയാതിരിക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നുമാണ് പിന്നീട് നൽകിയ മൊഴി.

ഇരുസംഭവങ്ങളും 14ന് രാത്രി എട്ടിനും ഒൻപതിനും ഇടയിലാണ് നടന്നതെന്നാണ് പെൺകുട്ടിയുടെ മൊഴി. ഏത് മൊഴിയാണ് യഥാർഥമെന്ന് കണ്ടെത്തുന്നതിനാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെയും കൗൺസലറുടെയും സാന്നിധ്യത്തിൽ വിശദമായ കൗൺസലിങ് നടത്തി മൊഴി രേഖപ്പെടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!