‘സ്പിന്നിൽ’ കുരുങ്ങി ‘8’ വിക്കറ്റുകള്‍! ഇന്ത്യക്ക് നിര്‍ണായക ലീഡ്

ഗാലെ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 178 റണ്‍സിന്റെ നിര്‍ണായക ലീഡ് സ്വന്തമാക്കി ഇന്ത്യ. ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് 284 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ലീഡ് സ്വന്തമാക്കിയത്. നേരത്തെ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 462 റണ്‍സ് നേടിയിരുന്നു.

സോനല്‍ ദിനുഷ നേടിയ കന്നി ടെസ്റ്റ് സെഞ്ച്വറിയും നിരോഷന്‍ ഡിക്ക്‌വെല്ല നേടിയ അര്‍ധ സെഞ്ച്വറിയുമാണ് ലങ്കയെ വലിയ തകര്‍ച്ചയില്‍ നിന്നു രക്ഷപ്പെടുത്തിയത്. ദിനുഷ 4 ഫോറും 2 സിക്‌സും സഹിതം 100 റണ്‍സെടുത്തു മടങ്ങി. ഡിക്ക്‌വെല്ല 7 ഫോറുകള്‍ സഹിതം 80 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ 90 റണ്‍സിനിടെ 5 മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി പതറിയ ലങ്കയെ ആറാം വിക്കറ്റില്‍ ഒന്നിച്ച ദിനുഷ- ഡിക്ക്‌വെല്ല സഖ്യമാണ് രക്ഷിച്ചെടുത്തത്. ഇരുവരും ചേര്‍ന്ന് 146 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്. ഡിക്ക്‌വെല്ലയെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണയാണ് കൂട്ടുകെട്ട് പൊളിച്ചത്.

ലങ്കയ്ക്ക് നഷ്ടമായ 10ല്‍ എട്ട് വിക്കറ്റുകളും സ്പിന്നര്‍മാര്‍ വീഴ്ത്തി. 4 വിക്കറ്റെടുത്ത മാനവ് സുതറാണ് ഇന്ത്യയെ നയിച്ചത്. രവീന്ദ്ര ജഡേജ 3 വിക്കറ്റെടുത്തു. കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ഒന്നാം ഇന്നിങ്‌സ് പതറിയാണ് ലങ്ക തുടങ്ങിയത്. അവര്‍ തുടക്കത്തില്‍ തന്നെ ഞെട്ടി. ഇന്നിങ്‌സ് തുടങ്ങി രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ നിഷാന്‍ മധുഷ്‌കയുടെ വിക്കറ്റ് ആതിഥേയര്‍ക്ക് നഷ്ടമായി. മുഹമ്മദ് സിറാജിന്റെ പന്തില്‍ ദേവ്ദത്ത് പടിക്കല്‍ ക്യാച്ചെടുത്ത് താരം പുറത്തായി. 2 പന്തില്‍ 0 റണ്‍സെടുത്താണ് മടക്കം. ഇന്ത്യ ആശിച്ച തുടക്കമാണ് സിറാജിലൂടെ ലഭിച്ചത്.

പിന്നീട് മത്സരത്തിലേക്ക് മടങ്ങി വരാനുള്ള ശ്രമത്തിലായിരുന്നു ലങ്ക. സ്പിന്നര്‍മാര്‍ പന്തെടുത്തതോടെ പക്ഷേ അവരുടെ കണക്കുകൂട്ടല്‍ തെറ്റി. സ്‌കോര്‍ 27ല്‍ നില്‍ക്കെ വെറ്ററന്‍ താരം ദിനേശ് ചാന്‍ഡിമലിനെ (4) വീഴ്ത്തി മാനവ് സുതര്‍ ലങ്കയെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കി.

മൂന്നാം വിക്കറ്റില്‍ ഓപ്പണര്‍ ലഹിരു ഉദാരയ്ക്ക് കൂട്ടായി കാമിന്ദു മെന്‍ഡിസ് വന്നു. ഇരുവരും ചേര്‍ന്നു ഇന്നിങ്‌സ് നേരെയാക്കുമെന്നു തോന്നിച്ചു. എന്നാല്‍ മാനവ് സുതര്‍ അടുത്ത പ്രഹരവുമായി വീണ്ടും പന്തെടുത്തു. താരം ഉദാരയെ യശസ്വി ജയ്‌സ്വാളിന്റെ കൈയില്‍ എത്തിച്ചു. 44 പന്തില്‍ 6 ഫോറുകള്‍ സഹിതം 27 റണ്‍സെടുത്ത് ഉദാര പുറത്ത്.

കാമിന്ദു മെന്‍ഡിസും ക്യാപ്റ്റന്‍ ധനഞ്ജയ ഡിസില്‍വയും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കാന്‍ പദ്ധതിയിടുന്നതിനിടെ കാമിന്ദു മെന്‍ഡിസിനെ പുറത്താക്കി കുല്‍ദീപ് ലങ്കയെ വീണ്ടും കുടുക്കി. താരം 14 റണ്‍സുമായി മടങ്ങി. ലങ്കയ്ക്ക് 59 റണ്‍സിനിടെ 4 വിക്കറ്റുകള്‍ നഷ്ടം.

അഞ്ചാം വിക്കറ്റില്‍ ധനഞ്ജയ സോനല്‍ ദിനുഷയെ കൂട്ടുപിടിച്ച് ഇന്നിങ്‌സിനെ നയിച്ചു. സഖ്യം പതിയെ പതിയെ മുന്നേറുന്നതിനിടെ നായകനും വീണു. പന്തെടുത്ത രവീന്ദ്ര ജഡേജ ധനഞ്ജയയെ കെഎല്‍ രാഹുലിന്റെ കൈയില്‍ വിശ്രമിക്കാന്‍ വിട്ടു. ലങ്കന്‍ ക്യാപ്റ്റന്‍ 41 പന്തില്‍ 21 റണ്‍സെടുത്തു മടങ്ങി.

നേരത്തെ മൂന്നാം ദിനം 9 വിക്കറ്റ് നഷ്ടത്തില്‍ 460 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് 2 റണ്‍സ് കൂടിയെ ബോര്‍ഡില്‍ ചേര്‍ക്കാന്‍ സാധിച്ചുള്ളു. അസിത ഫെര്‍ണാണ്ടോ പ്രസിദ്ധ് കൃഷ്ണയെ പുറത്താക്കിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു തിരശ്ശീലയിട്ടത്. കളി അവസാനിക്കുമ്പോള്‍ 13 റണ്‍സുമായി കുല്‍ദീപ് യാദവ് പുറത്താകാതെ നിന്നു. പ്രസിദ്ധ് 2 റണ്‍സുമായാണ് മടങ്ങിയത്.

ദേവ്ദത്ത് പടിക്കല്‍ നേടിയ ഉജ്ജ്വല സെഞ്ച്വറിയുടേയും കെഎല്‍ രാഹുല്‍, ധ്രുവ് ജുറേല്‍ എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറിയുടേയും ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്. ടെസ്റ്റ് കരിയറിലെ കന്നി സെഞ്ച്വറിയാണ് ദേവ്ദത്ത് ഗാലെയില്‍ ഉയര്‍ത്തിയത്. മൂന്നാമനായി ക്രീസിലെത്തിയ ദേവ്ദത്ത 134 പന്തിലാണ് തന്റെ കന്നി ടെസ്റ്റ് ശതകം പൂര്‍ത്തിയാക്കിയത്. 230 പന്തില്‍ 15 ഫോറും ഒരു സിക്സും സഹിതം 167 റണ്‍സെടുത്തു നില്‍ക്കെയാണ് മിന്നും ഇന്നിങ്സിനു തിരശ്ശീല വീണത്.

കെഎല്‍ രാഹുല്‍ 175 പന്തില്‍ 10 ഫോറും ഒരു സിക്സും സഹിതം 82 റണ്‍സെടുത്തു പുറത്തായി. അതിനിടെ ധ്രുവ് ജുറേല്‍ 68 പന്തില്‍ 4 ഫോറും ഒരു സിക്സും സഹിതം 51 റണ്‍സ് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!