ഐപിഎൽ ആരാധകർക്ക് വൻ സർപ്രൈസ്! കളി കാണാനെത്തി അജിത്തും ശാലിനിയും, ഒപ്പം ശിവകാർത്തികേയനും

റേസിങ്ങിനോടും ക്രിക്കറ്റിനോടുമുള്ള നടൻ അജിത് കുമാറിന്റെ കമ്പം ആരാധകർക്കിടയിൽ പ്രശസ്തമാണ്. എന്നാൽ സ്റ്റേഡിയത്തിൽ അജിത്തിനെ പലപ്പോഴും കാണാറില്ല. അജിത്തിന്റെ ഭാര്യ ശാലിനിയും മക്കളും പല ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലും കളി കാണാൻ എത്താറുമുണ്ട്.

ഇന്നലെ ഐപിഎൽ കാണാൻ ചെപ്പോക്ക് സ്റ്റേഡിയത്തിൽ തടിച്ചു കൂടിയ ആരാധകർക്ക് ഒരു വൻ സർപ്രൈസ് ആയിരുന്നു അജിത്തിന്റെ എൻട്രി. അജിത്തിനൊപ്പം ഭാര്യ ശാലിനിയും കുട്ടികളുമുണ്ടായിരുന്നു. ആരാധകർക്കിടയിലിരുന്ന കളി ആസ്വദിക്കുന്ന അജിത്തിന്റെ വിഡിയോ ഇതിനോടകം തന്നെ വൈറലാണ്.

പൊതുവേദികളിലടക്കം അപൂർവമായി മാത്രം പ്രത്യക്ഷപ്പെടാറുള്ള അജിത്തിന്റെ ഈ വരവ് ആരാധകരെ ചെറുതായൊന്നുമല്ല സന്തോഷിപ്പിച്ചിരിക്കുന്നത്. ചെന്നൈ സൂപ്പർ കിങ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള വാശിയേറ പോരാട്ടം കാണാനാണ് അജിത് എത്തിയത്. അജിത്തിനൊപ്പം മറ്റൊരു നടൻ കൂടി ഉണ്ടായിരുന്നു. നടൻ ശിവകാർത്തികേയൻ ആയിരുന്നു അത്.

കുടുംബത്തോടൊപ്പമായിരുന്നു ശിവകാർത്തികേയനും എത്തിയത്. അജിത്തിന് തൊട്ടടുത്തിരുന്നാണ് ശിവകാർത്തികേയനും മാച്ച് ആസ്വദിച്ചത്. കഴിഞ്ഞ ദിവസമാണ് അജിത്തും ശാലിനിയും തങ്ങളുടെ 25-ാം വിവാഹ വാർഷികം ആഘോഷിച്ചത്. കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ വിഡിയോ ശാലിനി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ഗുഡ് ബാഡ് അഗ്ലിയാണ് അജിത്തിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

ഗുഡ് ബാഡ് അഗ്ലി മികച്ച കളക്ഷനും തിയറ്ററുകളിൽ നിന്ന് നേടിയിരുന്നു. 227 കോടിയാണ് ചിത്രം ആഗോളതലത്തിൽ തിയറ്ററുകളിൽ നിന്ന് നേടിയത്. ഗുഡ് ബാഡ് അഗ്ലിയുടെ വിജയത്തിനിടയിൽ അജിത്തിനെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷവും സോഷ്യൽ മീ‍ഡിയയിലൂടെ ആരാധകർ പങ്കുവയ്ക്കുന്നുണ്ട്. 1999 ൽ പുറത്തിറങ്ങിയ അമർക്കളം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയിലാണ് അജിത്തും ശാലിനിയും തമ്മിൽ പ്രണയത്തിലായത്. 2000 ത്തിലാണ് ഇരുവരും ചെന്നൈയിൽ വച്ച് വിവാഹിതരായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!