ക്രിക്കറ്റിലെ അയൽവാശി പോര് ഇന്ന്; ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ഇന്ന് പാക്കിസ്ഥാനെതിരെ; മത്സരം ഉച്ചയ്ക്ക് 2:30 ന്

ദുബൈ : ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വൈരിപ്പോരാട്ടമായ ഇന്ത്യ x പാക്കിസ്ഥാന്‍ കൊമ്പുകോര്‍ക്കലിനു വീണ്ടും കളമൊരുങ്ങി.
ഐസിസി ചാമ്ബ്യന്‍സ് ട്രോഫി 2025 ഏകദിന ക്രിക്കറ്റ് ഗ്രൂപ്പ് എയില്‍ രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യയും മുഹമ്മദ് റിസ്വാന്‍റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാനും നേര്‍ക്കുനേര്‍ ഇറങ്ങും. ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 2.30നാണ് അയല്‍വാശിയുടെ ക്രിക്കറ്റ് പതിപ്പ് അരങ്ങേറുക.

ഗ്രൂപ്പ് എയില്‍ പാക്കിസ്ഥാന്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് 60 റണ്‍സിനു പരാജയപ്പെട്ടിരുന്നു. ഇന്ത്യയാകട്ടെ ബംഗ്ലാദേശിനെതിരേ ആറു വിക്കറ്റിന്‍റെ ജയമാഘോഷിച്ചു. ഇന്നു പരാജയപ്പെട്ടാല്‍ പാക്കിസ്ഥാന്‍റെ സെമി ഫൈനല്‍ സ്വപ്‌നം ഏകദേശം അസ്തമിക്കും. അതുകൊണ്ടുതന്നെ എല്ലാം സമര്‍പ്പിച്ചുള്ള പോരാട്ടത്തിനാകും പാക്കിസ്ഥാന്‍റെ തയാറെടുപ്പ്.

കളത്തിനു പുറത്തും പോര്

2025 ചാമ്ബ്യന്‍സ് ട്രോഫിയുടെ ആതിഥേയത്വം പാക്കിസ്ഥാനാണ്. എന്നാല്‍, രാഷ് ട്രീയ വൈരത്തിന്‍റെയും സുരക്ഷാ പ്രശ്‌നങ്ങളുടെയും പേരില്‍ ടീം ഇന്ത്യയെ പാക്കിസ്ഥാനിലേക്കയയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനു താത്പര്യമില്ല. അതുകൊണ്ടുതന്നെ ചാമ്ബ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ് നടക്കുന്നത്.

ഇന്ത്യക്കും ശ്രീലങ്കയ്ക്കുമൊപ്പം 1996 ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിനുശേഷം പാക്കിസ്ഥാന്‍ വേദിയാകുന്ന ഐസിസി പോരാട്ടമാണ് 2025 ചാമ്ബ്യന്‍സ് ട്രോഫി.

136-ാം കൊമ്ബുകോര്‍ക്കല്‍

ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയും പാക്കിസ്ഥാനും ഇതുവരെ 135 തവണ ഏറ്റുമുട്ടി. ദുബായില്‍ ഇന്ന് അരങ്ങേറുന്നത് അയല്‍വാശിയുടെ 136-ാം പതിപ്പ്. ഏകദിന കൊമ്ബുകോര്‍ക്കലില്‍ വിജയത്തിന്‍റെ കണക്കില്‍ പാക്കിസ്ഥാനാണ് മുന്‍തൂക്കം. 73 മത്സരങ്ങളില്‍ പാക്കിസ്ഥാന്‍ ജയം നേടിയപ്പോള്‍ ഇന്ത്യക്ക് 57 എണ്ണത്തില്‍ മാത്രമാണ് വെന്നിക്കൊടി പാറിക്കാന്‍ സാധിച്ചത്.

1978ലാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ആദ്യ ഏകദിന മത്സരം നടന്നത്. പാക്കിസ്ഥാനിലെ ഖ്വെറ്റയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ നാലു റണ്‍സ് ജയം സ്വന്തമാക്കിയിരുന്നു. 2023 ഐസിസി ഏകദിന ലോകകപ്പിലാണ് ഇരു ടീമും അവസാനമായി ഏറ്റുമുട്ടിയത്.

അഹമ്മദാബാദില്‍വച്ചു നടന്ന അന്നത്തെ മത്സരത്തില്‍ ഇന്ത്യ ഏഴു വിക്കറ്റ് ജയം നേടി. 2017 ഐസിസി ചാമ്ബ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ കീഴടക്കിയാണ് പാക്കിസ്ഥാന്‍ കന്നിക്കിരീടം സ്വന്തമാക്കിയതെന്നതും ശ്രദ്ധേയം.
ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഇതുവരെ തോല്‍പ്പിക്കാന്‍ പാക്കിസ്ഥാനു സാധിച്ചിട്ടില്ല. എട്ടു തവണ ഏറ്റുമുട്ടിയതില്‍ എട്ടിലും ഇന്ത്യ ജയിച്ചു.

അതേസമയം, ഐസിസി ചാമ്ബ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനാണ് മുന്‍തൂക്കം. അഞ്ചു പ്രാവശ്യം ചാമ്ബ്യന്‍സ് ട്രോഫി വേദിയില്‍ ഇരുടീമും ഏറ്റുമുട്ടി. മൂന്നു ജയം പാക്കിസ്ഥാന്‍ സ്വന്തമാക്കിയപ്പോള്‍ ഇന്ത്യക്കു രണ്ടു പ്രാവശ്യമേ വെന്നിക്കൊടിപാറിക്കാന്‍ സാധിച്ചുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!