പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 29 വർഷം തടവും 1.16 ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട അതിവേഗ പോക്സോ കോടതി ജഡ്ജി മഞ്ജിത് ടി. ആണ് ശിക്ഷ വിധിച്ചത്.
കോഴിക്കോട് നരിക്കുന്നി മണ്ണാറച്ചാലിൽ വീട്ടിൽ എൻ. സനോജ് (41) ആണ് കേസിലെ പ്രതി. ഫേസ്ബുക്ക് വഴിയാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് സൗഹൃദം സ്ഥാപിച്ച ശേഷം പെൺകുട്ടിയുടെ വീട്ടിലെത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.
2025 ജൂൺ 27നും 30നും ഇടയിൽ തുടർച്ചയായി പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. സംഭവത്തിൽ കോയിപ്പുറം പൊലീസ് സ്റ്റേഷനിലെ അന്നത്തെ എസ്എച്ച്ഒ ലിബി പി.എം. എഫ്ഐആർ രജിസ്റ്റർ ചെയ്ത‌് അന്വേഷണം നടത്തി. തുടർന്ന് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
കേസിന്റെ വിചാരണ നടപടികളിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. റോഷൻ തോമസ് ഹാജരായി.
