കോട്ടയം: ഓണം വിപണി മുന്നിൽക്കണ്ട് കേരളത്തിലേക്ക് മായംചേർത്ത വെളിച്ചെണ്ണ എത്തിക്കാൻ തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള സംഘങ്ങളുടെ നീക്കം സജീവമാകുന്നു. ഉയർന്ന വിലയുള്ള വെളിച്ചെണ്ണയ്ക്ക് പകരം ‘ഓണം ഓഫർ’ ഉൾപ്പെടെയുള്ള പ്രചാരണങ്ങളിലൂടെ കുറഞ്ഞ വിലയ്ക്ക് ഉൽപന്നം വിപണിയിലെത്തിക്കാനാണ് ശ്രമം. സർക്കാർ സബ്സിഡി നൽകി വിൽക്കുന്ന വിപണിയിലും ഇത്തരം ഉൽപന്നങ്ങൾ എത്തിക്കാൻ ഇടനിലക്കാരെ ഉപയോഗിക്കുന്നതായി സൂചനയുണ്ട്.
ബ്രാൻഡ് മാത്രം നൽകിയാൽ മതി; വെളിച്ചെണ്ണ എത്തും
ഒരു ക്വിന്റ്റൽ കൊപ്രയ്ക്ക് കേരളത്തിൽ നിലവിൽ ഏകദേശം 17,000 രൂപയാണ് വില. ഇത് ആട്ടിയാൽ ശരാശരി 66 ലിറ്റർ വെളിച്ചെണ്ണ ലഭിക്കും. ലിറ്ററിന് 280 രൂപ നിരക്കിൽ വിൽക്കുമ്പോൾ ലഭിക്കുന്നത് 18,480 രൂപ മാത്രം. ഉൽപാദനച്ചെലവ് കൂടി കണക്കിലെടുത്താൽ ലാഭം വളരെ കുറവാണ്. ലിറ്ററിന് 310-320 രൂപ ലഭിച്ചാലാണ് ഉൽപാദകർക്ക് കാര്യമായ നേട്ടമുണ്ടാകുക.
ഈ സാഹചര്യം മുതലെടുത്താണ് തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള സംഘങ്ങൾ കേരള വിപണിയിൽ ഇടപെടുന്നതെന്നാണ് വിലയിരുത്തൽ. ഗുണനിലവാരക്കുറവ് മൂലം തമിഴ്‌നാട്ടിൽ കൊപ്രയ്ക്ക് കേരളത്തേക്കാൾ വില കുറവായതിനൊപ്പം മായം ചേർക്കുന്നതും ചെലവ് കുറയ്ക്കാൻ സഹായിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു. ലിറ്ററിന് 240-280 രൂപ നിരക്കിൽ പോലും ഇത്തരം വെളിച്ചെണ്ണ കേരളത്തിലെത്തിക്കാൻ കഴിയുന്നതാണ് പ്രധാന ആകർഷണം.
കേരളത്തിലെ ബ്രാൻഡുകളുടെ പേരിൽ പാക്ക് ചെയ്താണ് ഉൽപന്നം വിപണിയിലെത്തിക്കുന്നതെന്നാണ് ആരോപണം. ബ്രാൻഡ് പേര് നൽകിയാൽ ആവശ്യപ്പെടുന്ന സ്ഥലത്ത് വെളിച്ചെണ്ണ എത്തിച്ചുനൽകുന്ന സംവിധാനമാണ് നിലവിലുള്ളതെന്നും ഇടനിലക്കാർക്ക് വലിയ സാമ്പത്തിക നേട്ടം ലഭിക്കുന്നതായും പറയുന്നു.
ഓണത്തിന് മുന്നോടിയായി വിപണനസംഘങ്ങൾ സജീവം
ഓണം അടുത്തതോടെ തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള വിപണനസംഘങ്ങൾ കേരളത്തിൽ സജീവമായിട്ടുണ്ട്. കുറഞ്ഞ വിലയുടെ ഓഫറുകളിൽ വീഴാതെ ഗുണനിലവാരം ഉറപ്പാക്കി വെളിച്ചെണ്ണ വാങ്ങണമെന്നാണ് വ്യാപാരമേഖലയിലെ മുന്നറിയിപ്പ്. ഗുണനിലവാര പരിശോധന നടത്തുന്ന സ്ഥാപനങ്ങൾക്കുപോലും കുറഞ്ഞ വിലയിൽ എത്തുന്ന ഇത്തരം ഉൽപന്നങ്ങൾ വെല്ലുവിളിയാകുന്നുണ്ട്.
തേങ്ങാപ്പിണ്ണാക്ക് ഇറക്കുമതിയും ആശങ്ക
വെളിച്ചെണ്ണയിലെ മായംചേർക്കലിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളിലൊന്നായി നിയന്ത്രണമില്ലാത്ത തേങ്ങാപ്പിണ്ണാക്ക് ഇറക്കുമതിയെയാണ് ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം 1.72 ലക്ഷം ടൺ തേങ്ങാപ്പിണ്ണാക്ക് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തതായാണ് കണക്ക്.
വെളിച്ചെണ്ണയുടെ അംശം നിലനിർത്തിയ പിണ്ണാക്ക് ലായകങ്ങൾ ഉപയോഗിച്ച് വീണ്ടും സംസ്കരിച്ച് എണ്ണയാക്കുന്ന രീതിയാണ് ആശങ്കയ്ക്ക് കാരണം. ഇത്തരത്തിൽ ലഭിക്കുന്ന എണ്ണ മായംചേർക്കലിന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് കമ്മിഷൻ ഫോർ അഗ്രിക്കൾച്ചറൽ കോസ്റ്റ് ആൻഡ് പ്രൈസസ് (സി.എ.സി.പി.) നേരത്തെ പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു.
വെളിച്ചെണ്ണയ്ക്ക് 35 ശതമാനം ഇറക്കുമതി ചുങ്കമുള്ളപ്പോൾ തേങ്ങാപ്പിണ്ണാക്കിന് 15 ശതമാനം മാത്രമാണ് ചുങ്കം. വെളിച്ചെണ്ണയുടെ വില ഉയർന്നതോടെയാണ് പിണ്ണാക്ക് ഇറക്കുമതി വർധിച്ചതെന്നും വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ വർഷം 337 കോടി രൂപ മൂല്യമുള്ള തേങ്ങാപ്പിണ്ണാക്കാണ് രാജ്യത്തേക്ക് എത്തിയത്.
വെളിച്ചെണ്ണ ഇറക്കുമതിക്ക് പകരം കുറഞ്ഞ ചുങ്കമുള്ള തേങ്ങാപ്പിണ്ണാക്ക് ഇറക്കുമതി ചെയ്ത് അതിൽനിന്ന് എണ്ണയുണ്ടാക്കുന്ന രീതിക്ക് പിന്നിൽ വ്യാജ വെളിച്ചെണ്ണ വിപണിയുടെ സ്വാധീനമുണ്ടെന്ന സംശയവും ശക്തമാണ്. ഓണം വിപണി സജീവമാകുന്ന സാഹചര്യത്തിൽ ഇത്തരം ഉൽപന്നങ്ങ ൾക്കെതിരെ പരിശോധന ശക്തമാക്ക ണമെന്ന ആവശ്യവും ഉയരുന്നു.
