സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പലിൽ ഒരു ഇന്ത്യക്കാരനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു ; ദുരന്തം കപ്പൽ തിരിച്ചുപിടിക്കാനുള്ള ദൗത്യത്തിനിടെ..

സൊമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇന്ധനക്കപ്പൽ സുരക്ഷാ സേന തിരിച്ചുപിടിച്ചതോടെ നടന്ന ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികനടക്കം അഞ്ചു ജീവനക്കാർ കൊല്ലപ്പെട്ടു.

‘എം.ടി ഓണർ 25’ എന്ന എണ്ണക്കപ്പലാണ് സൊമാലിയയിലെ പണ്ട്‌ലാൻഡ് മാരിടൈം പൊലീസിന്റെ കഠിനമായ പോരാട്ടത്തിനൊടുവിൽ മോചിപ്പിച്ചത്. സുരക്ഷാ സേനയുടെ രക്ഷാപ്രവർത്തനം ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് കൊള്ളക്കാർ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്. കൊല്ലപ്പെട്ടവരിൽ ഒരു ഇന്ത്യക്കാരന് പുറമെ മൂന്ന് പാകിസ്ഥാൻ സ്വദേശികളും ഒരു മ്യാൻമർ പൗരനുമാണ് ഉൾപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ഏപ്രിലിലാണ് സൊമാലിയൻ മേഖലയിൽ വച്ച് കടൽക്കൊള്ള സംഘം ഈ ഇന്ധനക്കപ്പൽ തട്ടിക്കൊണ്ടുപോയത്. രക്ഷാ ദൗത്യത്തിൽ കപ്പൽ വീണ്ടെടുക്കാൻ കഴിഞ്ഞെങ്കിലും ജീവനക്കാർക്ക് നേരെയുണ്ടായ കടൽക്കൊള്ളക്കാരുടെ വെടിവെയ്പ്പ് വലിയ ദുരന്തമായി മാറി. ആക്രമണത്തിൽ മറ്റൊരു ഇന്ത്യക്കാരൻ ഉൾപ്പെടെ നാലു ജീവനക്കാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ പണ്ട്‌ലാൻഡ് മാരിടൈം പൊലീസ് കസ്റ്റഡിയിലെടുത്ത് അടുത്തുള്ള ആശുപത്രികളിൽ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

വിജയകരമായ സൈനിക നീക്കത്തിലൂടെ കപ്പലിന്റെ പൂർണ്ണ നിയന്ത്രണം നിലവിൽ പ്രാദേശിക ഭരണകൂടവും സുരക്ഷാ സേനയും തിരിച്ചെടുത്തിട്ടുണ്ട്. കടൽക്കൊള്ളക്കാർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് പണ്ട്‌ലാൻഡ് സുരക്ഷാ സേന വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

ആക്രമണത്തിന് ശേഷം കടലിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച കൊള്ളക്കാർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുക യാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സ്വന്തം രാജ്യങ്ങളിലേക്ക് എത്തിക്കുന്നതി നുള്ള നയതന്ത്ര നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!