കുമരകം: പ്രധാന ടൂറിസം കേന്ദ്രമായ കുമരകത്തിന്റ തെക്കൻ കായലോര മേഖലയിൽ, കോടികൾ മുടക്കി നിർമ്മിച്ച നാലുപങ്ക് ബോട്ട് ടെർമിനലിന്റ നടത്തിപ്പവകാശം സ്വകാര്യ വ്യക്തിക്ക് നൽകി കുമരകം പഞ്ചായത്ത്.
വളരെ തിടുക്കപ്പെട്ട് സ്വകാര്യ വ്യക്തിക്ക് ബോട്ട് ടെർമിനൽ നൽകിയ സിപിഎം പഞ്ചായത്ത് ഭരണകക്ഷിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്ത്. അഞ്ചുവർഷത്തേക്ക് മാസം വെറും പതിനായിരം രൂപ വാടകക്ക് സ്വകാര്യ വ്യക്തിക്ക് കായൽ തീരം ഉൾപ്പെടുന്ന കണ്ണായ പ്രദേശം നൽകിയതിലൂടെ പഞ്ചായത്തിന് നഷ്ടമായത് അരക്കോടിയോളം രൂപയെന്ന് ബിജെപി കുറ്റപ്പെടുത്തി.
നടപടിക്രമങ്ങൾ പാലിക്കാനെന്ന വ്യാജേനെ നാമമാത്രമായുള്ള ചിലയിടങ്ങളിൽ മാത്രമാണ് ടെർമിനൽ വിട്ടുനൽകുന്നതിന്റ ക്വട്ടേഷൻ പരസ്യം പ്രസിദ്ധപ്പെടുത്തിയത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കുമരകം പഞ്ചായത്ത് കമ്മറ്റിയിൽ നടന്ന “ടെർമിനൽ ക്വട്ടേഷൻ അംഗീകരിക്കൽ” അജണ്ടാ വിഷയത്തിൽ ബിജെപി പഞ്ചായത്തംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തി പ്രതിഷേധിച്ചു.
സമീപ പഞ്ചായത്തിലെ ടൂറിസം കേന്ദ്രങ്ങൾ കായൽ മേഖലയിൽ അല്ലാതിരുന്നിട്ടു പോലും ക്വട്ടേഷൻ നൽകി മാസം ലക്ഷക്കണക്കിന് രൂപയ്ക്ക് വാടകക്ക് പോകുമ്പോൾ, നാമമാത്രമായ ചെറിയ തുകയ്ക്ക് നാലുപങ്ക് ബോട്ട് ടെർമിനൽ അഞ്ച് വർഷത്തേക്ക് വിട്ടുനൽകാൻ തീരുമാനമെടുത്തത് ഒത്തുകളിയുടെ ഭാഗമാണെന്ന് ബിജെപി ആരോപിക്കുന്നു.
നിലവിൽ കൈക്കൊണ്ട നടപടിക്രമങ്ങൾ നിർത്തിവെക്കണമെന്നും, വീണ്ടും വ്യാപകമായി പ്രസിദ്ധപ്പെടുത്തി ക്വട്ടേഷൻ ഷണിക്കണമെന്നും മുഖ്യ പ്രതിപക്ഷ കക്ഷിയായ ബിജെപി യുടെ പഞ്ചായത്ത് അംഗങ്ങളായ വി.എൻ.ജയകുമാർ, പി.കെ.സേതു, ശ്രീജാ സുരേഷ്, ഷീമാ രാജേഷ് എന്നിവർ പറഞ്ഞു
കോടിക്കണക്കിന് രൂപാ മുടക്കിയാണ് ടൂറിസം വകുപ്പ് ബോട്ട് ടെർമിനൽ ഉണ്ടാക്കിയത്. തുടർന്ന് തദ്ദേശീയമായി കുമരകംകാർക്ക് പ്രയോജനം കിട്ടുവാനാണ് കുമരകം ഗ്രാമ പഞ്ചായത്തിന് കൈമാറിയത്. ഈ മേഖലയിൽ മത്സ്യ തൊഴിലാളികൾക്കായി മത്സ്യ വകുപ്പും കോടികൾ ചിലവഴിച്ച് പ്രൊജക്റ്റ് നടത്തിയിരുന്നു. ആ പദ്ധതി നിർത്തിവെപ്പിച്ചാണ് ടൂറിസം വകുപ്പ് ടെർമിനൽ നിർമ്മിച്ചത്.
