സിപിഎമ്മിന്റെ ഇസ്‌ലാമിക ബാങ്കിങ് പ്രവർത്തനം നിലച്ചു; നിക്ഷേപകരുടെ പണം തിരിച്ചുനൽകിയില്ലെന്ന് പരാതി…

കണ്ണൂർ: സിപിഎം നിയന്ത്രണത്തിൽ ആരംഭിച്ച ഇസ്‌ലാമിക ബാങ്കിങ് സംരംഭമായ ‘ഹലാൽ ഫായിദ’ സഹകരണ സൊസൈറ്റിയുടെ പ്രവർത്തനം നിലച്ചതായി പരാതി. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നും ഓഹരി ഉടമകൾക്ക് നിക്ഷേപത്തുക തിരികെ ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി മയ്യിൽ സ്വദേശി കെ.പി. നാസർ പരാതി നൽകി. ടി.കെ. ഗോവിന്ദൻ എംഎൽഎ വഴിയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

പരാതി പുറത്തുവന്നതിന് പിന്നാലെ നാസർ നിക്ഷേപിച്ച ഒരു ലക്ഷം രൂപ തിരികെ നൽകി. ഇതോടെ നിലവിൽ പരാതിയില്ലെന്നും തൻ്റെ ആവശ്യം പരിഗണിച്ചെന്നും നാസർ പ്രതികരിച്ചു.

പലിശരഹിത ഓഹരി നിക്ഷേപം സ്വീകരിച്ച് ഇസ്ലാമിക ബാങ്കിങ് മാതൃകയിൽ പ്രവർത്തിക്കാനാണ് ‘ഹലാൽ ഫായിദ’ സഹകരണ സൊസൈറ്റി ആരംഭിച്ചത്. 2017 ഡിസംബറിലായിരുന്നു ഉദ്ഘാടനം. പലിശയുള്ള സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കാൻ താൽപര്യമില്ലാത്തവരിൽനിന്ന് നിക്ഷേപം സ്വീകരിച്ച് വ്യവസായം, വ്യാപാരം, നിർമാണം തുടങ്ങിയ മേഖലകളിൽ മുടക്കുകയും അതിൽനിന്നുള്ള ലാഭം നിക്ഷേപകർക്ക് വീതിച്ചുനൽകുകയും ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം.

എന്നാൽ എട്ട് വർഷം പിന്നിട്ടിട്ടും പ്രഖ്യാപിത ലക്ഷ്യങ്ങൾ നടപ്പാക്കിയിട്ടില്ലെന്നും സ്ഥാപനത്തിന്റെ വരവുചെലവ് കണക്കുകൾ നിക്ഷേപകർക്ക് മുന്നിൽ അവതരിപ്പിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. നിക്ഷേപകർ നേരിടുന്ന പ്രശ്നം സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും ഉന്നയിച്ചിരുന്നതായി ടി.കെ. ഗോവിന്ദൻ എംഎൽഎ വ്യക്തമാക്കി.

പയ്യന്നൂരിലെ ഫണ്ട് വെട്ടിപ്പ് ആരോപണത്തിനും കോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്കായി കണ്ണൂർ ലോക്കൽ കമ്മിറ്റി ഓഫിസിനായി സ്വരൂപിച്ച ഫണ്ടിലെ ക്രമക്കേട് ആരോപണങ്ങൾക്കും പിന്നാലെയാണ് കണ്ണൂരിൽ സിപിഎമ്മുമായി ബന്ധപ്പെട്ട മറ്റൊരു സാമ്പത്തിക വിവാദവും ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!