കൊച്ചി: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കണയന്നൂർ തഹസിൽദാർ ജോസഫ് ആന്റണിയെ വിജിലൻസ് അറസ്റ്റ് ചെയ്തു. എളമക്കര സ്വദേശിയുടെ ഭൂമി കൃഷിഭൂമിയിൽനിന്ന് പുരയിടമാക്കി രേഖകൾ നൽകുന്നതിനായാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് വിജിലൻസ് കണ്ടെത്തൽ. സംഭവത്തിൽ തഹസിൽദാറുടെ രണ്ട് ഏജന്റുമാരായ ഷിബിൻ, കണ്ണൻ എന്ന രാജേഷ് എന്നിവരെയും അറസ്റ്റ് ചെയ്തു.
വിജിലൻസിൻ്റെ എറണാകുളം യൂണിറ്റാണ് കടവന്ത്രയിൽവച്ച് ജോസഫ് ആന്റണിയെ പിടികൂടിയത്. എളമക്കര സ്വദേശിയിൽനിന്ന് ഏജൻറുമാർ മുഖേനയാണ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഇതിൽ രണ്ട് ലക്ഷം രൂപ പണമായും എട്ട് ലക്ഷം രൂപ ചെക്കായുമാണ് കൈമാറിയത്.
സ്ഥലം ഉടമ നേരത്തെ പുരയിടമെന്ന നിലയിൽ കരം അടച്ചിരുന്ന ഭൂമി വിൽക്കാൻ ശ്രമിച്ചപ്പോഴാണ് രേഖകളിൽ ഭൂമി കൃഷിഭൂമിയാണെന്ന് വ്യക്തമായത്. കൃഷിഭൂമി മണ്ണിട്ട് നികത്തിയെന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി തഹസിൽദാറുടെ സഹായിയാണ് പരാതിക്കാരനായി രംഗത്തെത്തിയത്. തുടർന്ന് പ്രശ്നപരിഹാരത്തിനായി സ്ഥലം ഉടമ തഹസിൽദാറെ സമീപിക്കുകയായിരുന്നു.
പരാതിക്കാരനുമായി ഒത്തുതീർപ്പുണ്ടാക്കാനും ഭൂമി പുരയിടമാക്കി രേഖകൾ നൽകാനും 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഇടപാടിൽ കൂടുതൽ റവന്യൂ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും വിജിലൻസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുമെന്ന് വിജിലൻസ് അറിയിച്ചു.
