ഭീകരവാദ ബന്ധം; അസം സ്വദേശിയെ പട്ടാമ്പിയിൽ നിന്നും എൻഐഎ പിടികൂടി…

പട്ടാമ്പി : ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അസം സ്വദേശി പട്ടാമ്പിയിൽ പിടിയിലായി. ഭീകരവാദ സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.

എൻഐഎ നടത്തിയ പരിശോധനയിലാണ് ഇയാളെ പട്ടാമ്പിയിലെ വിളയൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. വിളയൂർ എടപ്പലത്തെ വാടകവീട്ടിൽ കഴിയുകയായിരുന്നു. അസം സ്വദേശിയാണ് ഇയാൾ.

അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനങ്ങളും റിക്രൂട്ട്‌മെന്റ് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി കേരളം, അസം, പശ്ചിമ ബംഗാൾ ഉൾപ്പെടെ രാജ്യത്തെ 16 ഇടങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. കേരളത്തിൽ പട്ടാമ്പി വിളയൂരിലാണ് പുലർച്ചെ സംഘം പരിശോധനയ്ക്കെത്തിയത്.

നിരോധിത സംഘടനയായ ജമാഅത്ത്-ഉൽ-മുജാഹിദീൻ ബംഗ്ലാദേശിന്റെ ഉപവിഭാഗമെന്ന് സംശയിക്കുന്ന ‘ഇമാം മഹ്മൂദർ കഫില’യുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് എന്നാണ് ലഭിക്കുന്ന വിവരം. പിടിയിലായ അസം സ്വദേശി കേരളത്തിലെത്തിയത് തൊഴിലാളിയായാണ്. എടപ്പലത്തെ കോഴിഫാമിൽ ജോലി ചെയ്തിരുന്ന ഇയാൾ കുടുംബത്തോടൊപ്പം വാടകവീട്ടിലായിരുന്നു താമസം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!