എൻഎഎൽഎസ്ആർ വിദ്യാർഥികൾക്ക് ആശ്വാസം; എൻറോൾമെന്റ് വിലക്ക് പിൻവലിച്ച് ബാർ കൗൺസിൽ

ന്യൂഡൽഹി: ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ചിലെ (എൻഎഎൽഎസ്എആർ) 2026 ബാച്ച് ബിരുദധാരികൾക്ക് അഭിഭാഷകരായി എൻറോൾ ചെയ്യുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ). ചെയർമാൻ മനൻ കുമാർ മിശ്ര നേരത്തേ പ്രഖ്യാപിച്ച തീരുമാനം ബാർ കൗൺസിൽ യോഗം ചേർന്നാണ് റദ്ദാക്കിയത്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയാക്കുന്നതിനെതിരെ എൻഎഎൽഎസ്എആർ വിദ്യാർഥികൾ നടത്തിയ പ്രചാരണമാണ് ബിസിഐയുടെ നടപടിക്ക് കാരണമായിരുന്നത്. വിദ്യാർഥികളുടെ പ്രതിഷേധത്തെ തുടർന്ന് 2026 ബാച്ചിന്റെ എൻറോൾമെന്റ് തടയുമെന്ന് ചെയർമാൻ പ്രഖ്യാപിച്ചിരുന്നു.

തീരുമാനത്തിനെതിരെ വിദ്യാർഥികളും വിവിധ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തിൽ കടുത്ത പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിജെപിയടക്കമുള്ള സംഘടനകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിസിഐ നിലപാട് തിരുത്തിയത്. ഇതോടെ 2026 ബാച്ച് എൻഎഎൽഎസ്ആർ ബിരുദധാരികൾക്ക് അഭിഭാഷകരായി എൻറോൾ ചെയ്യുന്നതിനുള്ള തടസ്സം നീങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!