ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് വീണ്ടും സബ്സിഡി; പിഎം ഇ-ഡ്രൈവ് പദ്ധതി 2028 വരെ നീട്ടി…

ന്യൂഡൽഹി :  ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നവർക്ക് ആശ്വാസമായി കേന്ദ്രസർക്കാരിന്റെ പിഎം ഇ-ഡ്രൈവ് പദ്ധതിയുടെ കാലാവധി രണ്ട് വർഷം കൂടി നീട്ടി. 2028 സാമ്പത്തിക വർഷം വരെ പദ്ധതി തുടരും. ഇതിനൊപ്പം പദ്ധതിയുടെ ബജറ്റ് വിഹിതത്തിൽ 1,000 കോടി രൂപയുടെ വർധനയും വരുത്തിയിട്ടുണ്ട്.

കഴിഞ്ഞ മാർച്ചിൽ അവസാനിച്ച പദ്ധതിയാണ് വീണ്ടും പ്രാബല്യത്തിൽ കൊണ്ടുവന്നത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് സബ്‌സിഡി ക്ലെയിം ചെയ്യാനുള്ള അവസാന തീയതി 2027 ഡിസംബർ 31 ആയിരിക്കും.

സബ്‌സിഡി വിഹിതം 2,767 കോടി രൂപ

പദ്ധതിയിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കായി നീക്കിവച്ചിരുന്ന സബ്‌സിഡി തുക 1,772 കോടിയിൽനിന്ന് 2,767 കോടി രൂപയായി ഉയർത്തി. സബ്സിഡിക്ക് അർഹതയുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ എണ്ണവും 24 ലക്ഷത്തിൽനിന്ന് 45.7 ലക്ഷമായി വർധിപ്പിച്ചു.

പരമാവധി 5,000 രൂപ സബ്‌സിഡി

1.5 ലക്ഷം രൂപ വരെ എക്‌സ്-ഫാക്ടറി വിലയുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. വാഹനത്തിന്റെ ബാറ്ററി ശേഷി അടിസ്ഥാനമാക്കിയാണ് സബ്‌സിഡി കണക്കാക്കുന്നത്.

ഒരു കിലോവാട്ട് അവർ ബാറ്ററി ശേഷിക്ക് 2,500 രൂപ നിരക്കിലാണ് സബ്സിഡി. പരമാവധി ലഭിക്കുക 5,000 രൂപ വരെയാണ്. എന്നാൽ സബ്സിഡി വാഹനത്തിന്റെ ആകെ വിലയുടെ 15 ശതമാനത്തിൽ കൂടുതലാകാൻ പാടില്ല.

അതിനാൽ എല്ലാ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കും ഒരേ തുക സബ്സിഡിയായി ലഭിക്കണമെന്നില്ല. ബാറ്ററി ശേഷിയും വാഹനത്തിന്റെ എക്സ്-ഫാക്ടറി വിലയും അനുസരിച്ചായിരിക്കും അന്തിമ സബ്സിഡി തുക നിശ്ചയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!