ന്യൂഡല്‍ഹി: ഹൈദരാബാദിലെ NALSAR നിയമ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയവരുടെ എന്റോള്‍മെന്റ് തടഞ്ഞ നടപടി വിവാദമായതോടെ തിരുത്തി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ.
ഹൈദരാബാദിലെ നാഷനല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചിലെ (നല്‍സര്‍) 2026 ബാച്ച് നിയമ ബിരുദധാരികളെ അഭിഭാഷകരായി എന്റോള്‍ ചെയ്യുന്നതാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നേരത്തെ തടഞ്ഞത്.
നല്‍സറില്‍ നിന്നും ബിരുദം നേടിയ ഒരു വിദ്യാര്‍ത്ഥിയെയും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അഭിഭാഷകനായി ചേര്‍ക്കരുതെന്നാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ബിസിഐ ) എല്ലാ സംസ്ഥാന ബാര്‍ കൗണ്‍സിലുകളോടും നിര്‍ദ്ദേശിച്ചിരുന്നത്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ സര്‍വകലാശാലയുടെ ബിരുദദാനചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് എന്റോള്‍മെന്റ് വിലക്കുമായി ബിസിഐ രംഗത്തു വന്നത്. നടപടി വിവാദമായതോടെ, തീരുമാനം പിന്‍വലിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ യൂ ടേണ്‍ അടിച്ചു. മുന്‍ ഉത്തരവ് പിന്‍വലിച്ച ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, പ്രതിഷേധിച്ചവര്‍ക്ക് അടക്കം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും എന്റോള്‍ ചെയ്യാവുന്നതാണെന്നും വ്യക്തമാക്കി.
കൗണ്‍സില്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതുവരെ 2026-ല്‍ NALSARല്‍ നിന്ന് നിയമ ബിരുദം നേടിയ ഒരു വിദ്യാര്‍ത്ഥിയെയും അഭിഭാഷകനായി ചേര്‍ക്കരുതെന്നാണ് ബിസിഐ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര നിര്‍ദേശിച്ചിരുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ NALSAR കോണ്‍വൊക്കേഷന്‍ പങ്കാളിത്തത്തിനെതിരായ പ്രചാരണത്തിന് പിന്നിലുള്ളവരെക്കുറിച്ച് ബിസിഐ സര്‍വകലാശാല വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിഷയം പൂര്‍ണമായി അടഞ്ഞിട്ടില്ലെന്നും, വിസിയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സൂചിപ്പിച്ചു.
ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളും നിരപരാധികളായതിനാലാണ് കടുത്ത നടപടിയില്‍ നിന്നും പിന്തിരിയുന്നതെന്നും ബിസിഐ വ്യക്തമാക്കുന്നു. കോണ്‍വൊക്കേഷനിലെ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പങ്കാളിത്തത്തിനെതിരെ സര്‍വകലാശാലയിലെ 450 ഓളം വിദ്യാര്‍ത്ഥികളാണ് എതിര്‍പ്പുമായി രംഗത്തു വന്നത്.
