വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് സ്ഥാനമൊഴിയുന്നു; ട്രംപിന്റെ ഉപദേഷ്ടാവായി തുടരും

വാഷിങ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഈ മാസം അവസാനത്തോടെ ചുമതല ഒഴിയുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. കുടുംബത്തിനും കുട്ടികൾക്കുമൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് ലീവിറ്റിന്റെ തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി. പ്രസ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ ശേഷവും അവർ മുതിർന്ന ഉപദേഷ്ടാവായി തൻ്റെ ടീമിനൊപ്പം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ലീവിറ്റിന്റെ തീരുമാനത്തെ പൂർണമായി ബഹുമാനിക്കുന്നതായി വ്യക്തമാക്കിയ ട്രംപ്, അവർ തന്റെ ഏറ്റവും വിശ്വസ്തരായ സഹായികളിലൊരാളാണെന്നും പറഞ്ഞു.

വൈറ്റ് ഹൗസിന്റെ ചരിത്രത്തിലെ മികച്ച പ്രസ് സെക്രട്ടറിമാരിൽ ഒരാളാണ് ലീവിറ്റെന്നും ട്രംപ് വിശേഷിപ്പിച്ചു. സ്ഥാനമൊഴിഞ്ഞ ശേഷവും അവർ രാഷ്ട്രീയ രംഗത്ത് സജീവമായി തുടരുമെന്നും വരാനിരിക്കുന്ന മിഡ്‌ടേം തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തമായ ശബ്ദമായി പ്രവർത്തിക്കുമെന്നും ട്രംപ് പറഞ്ഞു. തന്റെ മുഖ്യ ഉപദേഷ്ടാക്കളിലൊരാളായി ലീവിറ്റ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പ്രസ് സെക്രട്ടറിയെന്ന നിലയിലുള്ള സേവനം തന്റെ ജീവിതത്തിലെ വലിയ ബഹുമതിയും സാഹസികതയുമായിരുന്നു എന്ന് ലീവിറ്റ് പ്രതികരിച്ചു. അവസരം നൽകിയതിന് ട്രംപിനോട് നന്ദിയും അവർ അറിയിച്ചു.

ഈ വർഷം മേയിലാണ് കരോലിൻ ലീവിറ്റിന് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് അവർ ചുമതല ഒഴിയുന്നതെന്നാണ് റിപ്പോർട്ടുകൾ.

ലീവിറ്റിന് പകരം പുതിയ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി ആരെ നിയമിക്കുമെന്ന കാര്യത്തിൽ ട്രംപ് ഇതുവരെ പ്രഖ്യാപനം നടത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!