തിരുവഞ്ചൂർ (കോട്ടയം) : ആർ എസ്സ് എസ്സ് ൻ്റെ മുഴുവൻ സമയ പ്രവർത്തകനും പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന വടക്കേമഠത്തിൽ തിരുവഞ്ചൂർ വിപിനചന്ദ്രൻ (64) അന്തരിച്ചു . സംസ്കാരം നാളെ (30- 9 – 2026ബുധൻ ) 3 മണിക്ക് വീട്ടിലെ പൊതുദർശനത്തിന് ശേഷം മുട്ടമ്പലം ശ്മശാനത്തിൽ.
ഭാര്യ: തിരുവഞ്ചൂർ ലാളത്ത് കുടുംബാംഗം ഗീതാമണി (മുൻ പ്രഥമ അദ്ധ്യാപിക, തിരുവഞ്ചൂർ എൽ പി സ്കൂൾ). മകൾ: ആർഷ .വി. ചന്ദ് (എൽ ആൻ്റ് ടി കമ്പനി ലിമിറ്റഡ് , ഡൽഹി).
ആർ എസ്സ് എസ്സ് കോട്ടയം നഗർ കാര്യവാഹ്, ബിഎംഎസ് കോട്ടയം ജില്ലാ കൺവീനർ, വിശ്വഹിന്ദു പരിഷത്ത് ഭാരവാഹി, കേരളാ ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സംഘടനാ സെക്രട്ടറി, ബി ജെ പി സംസ്ഥാന സമിതി അംഗം, രാഷ്ട്ര ഏകതാ പരിഷത്ത് ദേശീയ സംയോജക് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
1983 ലെ നിലയ്ക്കൽ പ്രക്ഷോഭത്തിൽ കുമ്മനം രാജശേഖരൻ, സ്വാമി സത്യാനന്ദ സരസ്വതി, ശിശുപാൽ എന്നിവരോടൊപ്പം സമരമുഖത്ത് നേതൃത്വം വഹിച്ചിരുന്നു. 1984 ൽ ഗുരുവായൂർ കേന്ദ്രമായി വലിയ ജനകീയ പ്രക്ഷോഭമായി മാറിയ ക്ഷേത്ര വിമോചന സമരത്തിൻ്റെ സംഘാടകനായിരുന്നു.
തിരുവഞ്ചൂർ ദേവസ്വത്തിൻ്റെ ഭരണം നിയന്ത്രിക്കാൻ ക്ഷേത്രം കേന്ദ്രമായി രൂപീകരിച്ച ഹിന്ദു സേവാ സമിതിയുടെ സംഘാടകനായിരുന്നു. കവിയും ഗാന രചയിതാവുമായിരുന്ന വയലാർ രാമവർമ്മയെ കുറിച്ച് അദ്ദേഹം കലാകൗമുദിയിൽ എഴുതിയ ലേഖനം സാഹിത്യ ലോകത്ത് ചർച്ചയായതാണ്. സാഹിത്യ വാരഫലത്തിൽ എം.കൃഷ്ണൻ നായർ ഈ ലേഖനം പരാമർശിച്ചിരുന്നു.
വാക്കുകളിൽ തീ പിടിപ്പിക്കുന്ന ഇദ്ദേഹത്തിൻ്റെ പ്രഭാഷണശൈലി ആരെയും ആകർഷിക്കുന്നതാണ്. സംസ്ഥാനത്തിന് അകത്തും പുറത്തും ആയിരക്കണക്കിന് വേദികളിലാണ് അദ്ദേഹം പ്രഭാഷണം നടത്തിയത്. ഒരു കാലത്ത് തിരുവഞ്ചൂർ വിപിന ചന്ദ്രൻ്റെ ആദ്ധ്യാത്മിക പ്രഭാഷണം ക്ഷേത്രങ്ങളിൽ അഭിഭാജ്യ ഘടകമായിരുന്നു. പതിനെട്ടാം വയസിലാണ് അദ്ദേഹം പ്രഭാഷണം തുടങ്ങിയത്.
ക്ഷേത്ര സംരക്ഷണ സമിതിയുടെ ഇരുപത്തിയഞ്ചാം വാർഷികത്തിൻ്റെ ഭാഗമായി കോഴിക്കോട് നടത്തിയ സർവകാമേഷ്ടി യാഗത്തിൻ്റെ സംഘാടകനായി പ്രവർത്തിച്ചിട്ടുണ്ട്. കുറച്ച് നാളുകളായി അസുഖബാധിതനായി വീട്ടിൽ വിശ്രമത്തിലായിരുന്നു. ചികിത്സയിലിക്കെയാണ് മരണം സംഭവിച്ചത്.
