ഇന്ത്യ–ചൈന ബന്ധത്തിൽ മഞ്ഞുരുകുന്നു; അതിർത്തി തർക്കം തീർന്നതോടെ ‘ബന്ധവും സാധാരണ നിലയിലേക്ക്’ എന്ന് ജയശങ്കർ

ന്യൂയോർക്ക് : അതിർത്തിയിലെ സൈനിക തർക്കം പരിഹരിച്ചതിന് പിന്നാലെ ഇന്ത്യ–ചൈന ബന്ധത്തിൽ പുരോഗതിയുണ്ടായതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.

2020ലെ അതിർത്തി സംഘർഷത്തിന് പിന്നാലെ വർഷങ്ങളോളം നീണ്ടുനിന്ന തർക്കം ഇരുരാജ്യങ്ങളുടെയും ബന്ധത്തെ കാര്യമായി ബാധിച്ചിരുന്നുവെന്നും, അതിർത്തിയിലെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങിയതോടെ ബന്ധവും മെച്ചപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂയോർക്കിൽ ഏഷ്യ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജയശങ്കർ. 2025നെ അപേക്ഷിച്ച് ഇപ്പോഴത്തെ ഇന്ത്യ–ചൈന ബന്ധം മെച്ചപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ‘അതെ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

2024നെ അപേക്ഷിച്ചാലും നിലവിലെ ബന്ധത്തിൽ കൂടുതൽ പുരോഗതിയുണ്ടെ ന്നാണ് ജയശങ്കർ വ്യക്തമാക്കിയത്. ഇന്ത്യയും ചൈനയും തമ്മിലുള്ള ദീർഘകാല അതിർത്തി തർക്കം ഇരുപക്ഷത്തിനും ഗുണകരമായിരുന്നി ല്ലെന്ന് ഇന്ത്യ ചൈനീസ് നേതൃത്വത്തോട് പലതവണ വ്യക്തമാക്കിയിരുന്നുവെന്നും ജയശങ്കർ പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ഇടിവ് മൂന്നാം കക്ഷികൾക്ക് മുതലെടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. ചൈനീസ് ഭാഗത്ത് ഇതേക്കുറിച്ച് ധാരണ രൂപപ്പെടാൻ കുറച്ച് സമയമെടുത്തെങ്കിലും ദീർഘകാലത്തെ അതിർത്തി സംഘർഷം ഇരുരാജ്യങ്ങളുടെയും താൽപര്യങ്ങൾക്ക് അനുകൂലമായിരുന്നില്ലെന്നാണ് ജയശങ്കറിന്റെ വിലയിരുത്തൽ.

അതിർത്തിയിലെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് നീങ്ങുന്നതിനനുസരിച്ച് ഉഭയകക്ഷി ബന്ധത്തിലും സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവ് ഉണ്ടാകുമെന്നാണ് ജയശങ്കർ പറഞ്ഞത്. അടുത്തിടെ ഇന്ത്യയും ചൈനയും തമ്മിലുള്ള ഉന്നതതല നയതന്ത്ര ഇടപെടലുകൾ സജീവമായിട്ടുണ്ട്.

2024 ഒക്ടോബറിൽ ലഡാക്കിലെ സൈനിക തർക്കം അവസാനിപ്പിക്കുന്ന തിനുള്ള ധാരണയിലെത്തിയതിന് പിന്നാലെ ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഇരുരാജ്യങ്ങളും ശക്തമാക്കിയിരുന്നു. അതേസമയം ലോകം കൂടുതൽ ബഹുധ്രുവ സംവിധാനത്തിലേക്ക് നീങ്ങുകയാണെന്നും ജയശങ്കർ അഭിപ്രായപ്പെട്ടു.

ചൈന, റഷ്യ, യുക്രൈൻ, യൂറോപ്പ്, ഏഷ്യയിലെ മറ്റ് രാജ്യങ്ങൾ എന്നിവരുമായി ഒരേസമയം ബന്ധം പുലർത്തുന്ന സാഹചര്യമാണ് രൂപപ്പെടുന്നതെന്നും രാജ്യങ്ങൾ സ്വന്തം താൽപര്യങ്ങൾ മുൻനിർത്തി വിവിധ ശക്തികളുമായി ഒരേസമയം ഇടപെടുന്ന പ്രവണത വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ–അമേരിക്ക ബന്ധത്തെക്കുറിച്ചും ജയശങ്കർ പ്രതികരിച്ചു. വ്യാപാര ചർച്ചകളാണ് ഇരുരാജ്യങ്ങൾക്കുമിടയിലെ സങ്കീർണമായ വിഷയങ്ങളിലൊന്നെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ചെറുകിട കർഷകരും ചെറുകിട ഉൽപാദകരും ഉൾപ്പെടുന്ന സമ്പദ്‌വ്യവസ്ഥയുടെ സ്വഭാവവും അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുമായുള്ള വലിയ വ്യത്യാസവും വ്യാപാര ചർച്ചകളെ കൂടുതൽ സങ്കീർണമാക്കിയതായി അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യ–അമേരിക്ക വ്യാപാര കരാറിൽ ഇരുപക്ഷത്തിനും ഏകദേശ ധാരണ രൂപപ്പെട്ടിട്ടുണ്ടെങ്കിലും അമേരിക്കൻ തീരുവ നയത്തിലെ മാറ്റങ്ങൾ പുതിയ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ടെന്നും ജയശങ്കർ പറഞ്ഞു. അമേരിക്കയിലെ മുൻ തീരുവ സംവിധാനത്തിലെ നിയമപരമായ മാറ്റങ്ങൾക്ക് പിന്നാലെ പുതിയ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലുള്ള തീരുവ നടപടികൾ പുരോഗമിക്കുകയാ ണെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാപാര ധാരണ അന്തിമമാക്കാൻ കഴിഞ്ഞാൽ അത് ഇന്ത്യ–അമേരിക്ക ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും ജയശങ്കർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!