കോട്ടയം: കഞ്ചാവിന്റെ സാന്നിധ്യമുള്ള മിഠായി ഉപയോഗിച്ചിരുന്ന ഒൻപത് വിദ്യാർഥികളെ എക്സൈസ് പിടികൂടി ലഹരിവിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. 14, 15, 16 വയസ്സുള്ള വിദ്യാർഥികളാണ് വിവിധ കേസുകളിലായി പിടിയിലായത്.
മൂന്നുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് എക്സൈസ് സംഘത്തിന്റെ നടപടി. മൂന്ന് മാസം മുൻപ് ഉത്തർപ്രദേശ് സ്വദേശിയായ ഋഷികേശ് സിങ്ങിൽനിന്ന് സംശയാസ്പദ സാഹചര്യത്തിൽ 194 ഗ്രാം മിഠായി എക്സൈസ് പിടികൂടിയിരുന്നു. മിഠായിയുടെ സാമ്പിൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചതോടെയാണ് കഞ്ചാവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
തുടർന്ന് ഋഷികേശ് സിങ്ങിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരങ്ങൾ ലഭിച്ചില്ല. പിന്നീട് ഇയാൾക്ക് വന്ന ഫോൺ കോളുകൾ പരിശോധിച്ചതോടെയാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. വിളിച്ചവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണെന്ന് കണ്ടെത്തിയതോടെ അന്വേഷണം കൂടുതൽ ശക്തമാക്കി. തുടർന്നാണ് വിവിധ സ്ഥലങ്ങളിൽനിന്നായി വിദ്യാർഥികളെ കഞ്ചാവ് മിഠായിയുമായി പിടികൂടിയത്.
ജില്ലയിൽ ഇതുവരെ വിദ്യാർഥികളിൽനിന്ന് 974 ഗ്രാം കഞ്ചാവ് മിഠായി എക്സൈസ് പിടികൂടിയിട്ടുണ്ട്. ഒരു മിഠായിക്ക് ഏകദേശം അഞ്ച് ഗ്രാം തൂക്കമുണ്ട്. 40 മിഠായികളടങ്ങിയ ഒരു പായ്ക്കറ്റിന് 200 രൂപയാണ് വിലയെന്നാണ് എക്സൈസ് കണ്ടെത്തൽ. കയ്പും മധുരവും കലർന്നതാണ് മിഠായിയുടെ രുചിയെന്നും അന്വേഷണ സംഘം പറയുന്നു.
‘കഴിച്ചാൽ നിർത്താതെ ചിരിക്കും’; പിന്നീട് ആരോഗ്യപ്രശ്നങ്ങളും
പിടിയിലായ 15 വയസ്സുകാരനിൽനിന്ന് ലഭിച്ച വിവരമനുസരിച്ച് മിഠായി കഴിച്ചാൽ നിർത്താതെ ചിരിക്കാൻ കഴിയുമെന്നാണ് കുട്ടി പറഞ്ഞത്. എന്നാൽ സ്ഥിരമായ ഉപയോഗം ചില വിദ്യാർഥികളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾക്കും കാരണമായതായി അന്വേഷണത്തിൽ കണ്ടെത്തിയതായി എക്സൈസ് അറിയിച്ചു.
കഞ്ചാവ് അടങ്ങിയ മിഠായിയുടെ തുടർച്ചയായ ഉപയോഗം നാഡീവ്യൂഹത്തെ ബാധിക്കാനും ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ടെന്നാണ് എക്സൈസിന്റെ മുന്നറിയിപ്പ്. പിടിയിലായ വിദ്യാർഥികൾ നിലവിൽ എക്സൈസ് വിമുക്തി സെല്ലിന്റെ ചികിത്സയിലാണ്.
കഞ്ചാവ് മിഠായി കഴിച്ചതോടെ വിനോദയാത്ര റദ്ദാക്കി
കഞ്ചാവ് മിഠായിയുടെ ഉപയോഗം കണ്ടെത്തിയതിനെ തുടർന്ന് കോട്ടയത്തെ ഒരു കോളജിന്റെ വിനോദയാത്രയും റദ്ദാക്കിയിരുന്നു. ഏതാനും ദിവസം മുൻപ് യാത്രയ്ക്കിടെ ഒരു വിദ്യാർഥി കുഴഞ്ഞുവീണതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.
കോളജ് അധികൃതർ നടത്തിയ അന്വേഷണത്തിൽ വിദ്യാർഥികൾ കഞ്ചാവ് അടങ്ങിയ മിഠായി കഴിച്ചതായി കണ്ടെത്തി. തുടർന്ന് വിവരം എക്സൈസിനെ അറിയിച്ചു. പരിശോധനയിൽ കഞ്ചാവ് മിഠായി കണ്ടെത്തിയതോടെ യാത്ര അവസാനിപ്പിച്ച് സംഘം മടങ്ങുകയായിരുന്നു.
ഇതര സംസ്ഥാന തൊഴിലാളിയാണ് മിഠായി നൽകിയതെന്നാണ് വിദ്യാർഥികൾ എക്സൈസിനോട് പറഞ്ഞത്. മിഠായി എത്തിച്ചിരുന്നത് എവിടെനിന്നാണെന്നും പിന്നിൽ മറ്റാരെങ്കിലും പ്രവർത്തിക്കുന്നുണ്ടോയെന്നും കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
