വാനനിരീക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന സമ്പൂർണ സൂര്യഗ്രഹണം ഇന്ന്. ഏകദേശം 20 വർഷത്തിന് ശേഷം യൂറോപ്പിൽ വീണ്ടും ദൃശ്യമാകുന്ന സമ്പൂർണ സൂര്യഗ്രഹണമെന്ന പ്രത്യേകതയാണ് ഇന്നത്തെ ആകാശവിസ്മയത്തിനുള്ളത്. യൂറോപ്പിലുടനീളം ഏകദേശം 1.5 കോടി ആളുകൾക്ക് പ്രതിഭാസം നേരിട്ട് കാണാനാകുമെന്നാണ് കണക്കാക്കുന്നത്.
പകൽസമയത്ത് തന്നെ ആകാശം ഇരുണ്ടുപോകുന്ന അപൂർവ കാഴ്ചയ്ക്കായാണ് വാനനിരീക്ഷകർ കാത്തിരിക്കുന്നത്. സ്പെയിൻ, പോർച്ചുഗൽ, ഐസ്‌ലാൻഡ്, ഗ്രീൻലാൻഡ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലാണ് സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമാകുക. എന്നാൽ ഇന്ത്യയിൽ ഈ പ്രതിഭാസം നേരിട്ട് കാണാനാകില്ല.
സമയമേഖലകളിലെ വ്യത്യാസം കാരണം ഇന്ത്യൻ സമയം അനുസരിച്ച് ഓഗസ്റ്റ് 12 രാത്രി 9.45 മുതൽ ഓഗസ്റ്റ് 13 പുലർച്ചെ 2.15 വരെയാണ് ഗ്രഹണത്തിന്റെ വിവിധ ഘട്ടങ്ങൾ നടക്കുക. ഈ സമയത്ത് ഇന്ത്യയിൽ രാത്രിയായതിനാലാണ് രാജ്യത്ത് നിന്ന് സൂര്യഗ്രഹണം നേരിട്ട് കാണാൻ കഴിയാത്തത്. ഗ്രഹണപാതയിൽ ഉൾപ്പെടാത്തവർക്ക് വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ ലൈവ് സംപ്രേക്ഷണങ്ങളിലൂടെ അപൂർവ പ്രതിഭാസം കാണാനാകും.
ഏതു പ്രദേശങ്ങളിലാണ് സമ്പൂർണ ഗ്രഹണം?
വടക്കൻ റഷ്യ, ഗ്രീൻലാൻഡ്, ഐസ്‌ലാൻഡ്, നോർത്ത് അറ്റ്ലാന്റിക് സമുദ്ര മേഖല, സ്പെയിൻ, പോർച്ചുഗലിന്റെ ചെറിയൊരു ഭാഗം എന്നിവിടങ്ങളിലൂടെയാണ് സമ്പൂർണ ഗ്രഹണത്തിന്റെ പാത കടന്നുപോകുന്നത്.
യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങൾക്കു പുറമെ കാനഡ, യുഎസിന്റെ വടക്കൻ മേഖലകൾ, വടക്കുപടിഞ്ഞാറൻ ആഫ്രിക്ക എന്നിവിടങ്ങളിൽ ഭാഗിക സൂര്യഗ്രഹണവും ദൃശ്യമാകും.
എന്താണ് സമ്പൂർണ സൂര്യഗ്രഹണം?
ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ എത്തി സൂര്യന്റെ പ്രകാശത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. സൂര്യനും ചന്ദ്രനും ഭൂമിയും കൃത്യമായി ഒരേ നിരയിൽ എത്തുകയും ചന്ദ്രൻ സൂര്യന്റെ മുഴുവൻ ദൃശ്യബിംബവും മറയ്ക്കുകയും ചെയ്യുമ്പോഴാണ് സമ്പൂർണ സൂര്യഗ്രഹണം സംഭവിക്കുന്നത്. പൂർണ വിന്യാസം സംഭവിക്കാത്ത സാഹചര്യത്തിൽ സൂര്യന്റെ ഒരു ഭാഗം മാത്രമാണ് ചന്ദ്രൻ മറയ്ക്കുക. ഇതാണ് ഭാഗിക സൂര്യഗ്രഹണം.
സൂര്യഗ്രഹണം കാണുമ്പോൾ ജാഗ്രത വേണം
സൂര്യഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് നേരിട്ട് നോക്കരുത്. കണ്ണുകൾക്ക് ഗുരുതരമായ സ്ഥിരമായ കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ സാധാരണ സൺഗ്ലാസുകൾ ഉപയോഗിച്ചും ഗ്രഹണം നിരീക്ഷിക്കുന്നത് സുരക്ഷിതമല്ല. അംഗീകൃതമായ പ്രത്യേക എക്ലിപ്സ് ഗ്ലാസുകൾ ഉപയോഗിക്കുന്നതാണ് സുരക്ഷിതമായ മാർഗം. ഇത്തരം ഗ്ലാസുകൾ ലഭ്യമല്ലെങ്കിൽ, നേരിട്ട് സൂര്യനെ നോക്കുന്നതിന് പകരം പിൻഹോൾ പ്രൊജക്ഷൻ പോലുള്ള സുരക്ഷിതമായ രീതികളിലൂടെ സൂര്യന്റെ പ്രതിബിംബം പേപ്പറിലോ കാർഡ്ബോർഡിലോ പതിപ്പിച്ച് നിരീക്ഷിക്കാം.
ഒരേ ദിവസം സൂര്യഗ്രഹണവും പെർസീഡ് ഉൽക്കാവർഷവും
ഓഗസ്റ്റ് 12ന് മറ്റൊരു ആകാശവിസ്മയത്തിനും കൂടി സാക്ഷ്യം വഹിക്കാം. വർഷംതോറും ആകാശത്ത് ദൃശ്യമാകുന്ന പെർസീഡ് ഉൽക്കാവർഷം ഇതേ ദിവസമാണ് പാരമ്യത്തിലെത്തുന്നത്.
അതായത് പകൽ സമ്പൂർണ സൂര്യഗ്രഹണവും രാത്രിയിൽ ഉൽക്കാവർഷവും ഒരേ ദിവസം എത്തുന്നു എന്ന പ്രത്യേകത ഇത്തവണത്തെ ആകാശനിരീക്ഷണത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. അമാവാസിയായതിനാൽ ചന്ദ്രപ്രകാശം കുറവായിരിക്കും. അതിനാൽ ഉൽക്കകളെ നിരീക്ഷിക്കാൻ കൂടുതൽ അനുകൂലമായ സാഹചര്യവും ലഭിക്കും.
ഇതിന് പിന്നാലെ ഓഗസ്റ്റ് 28ന് ഭാഗിക ചന്ദ്രഗ്രഹണവും ആകാശത്ത് അരങ്ങേറും. ആകാശനിരീക്ഷകർക്ക് ഈ മാസം നിരവധി അപൂർവ പ്രതിഭാസങ്ങളാണ് കാത്തിരിക്കുന്നത്.
