ഒമാൻ : ലഹരിമരുന്ന് ഉപയോഗവും കടത്തും തടയാൻ കൂടുതൽ കർശന വ്യവസ്ഥകളുമായി ഒമാനിൽ പുതിയ ലഹരിമരുന്ന് വിരുദ്ധ നിയമം പ്രാബല്യത്തിൽ. ലഹരിമരുന്ന് കടത്ത്, കള്ളക്കടത്ത്, വിതരണം, കൈവശംവയ്ക്കൽ, വ്യക്തിഗത ഉപയോഗം തുടങ്ങിയ കുറ്റങ്ങൾക്ക് കടുത്ത ശിക്ഷകളാണ് പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഗുരുതരമായ ചില കുറ്റങ്ങൾക്ക് വധശിക്ഷയും ജീവപര്യന്തം തടവും വരെ ലഭിക്കാം. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെയാണ് നിയമം പ്രാബല്യത്തിൽ വന്നത്.
വിതരണത്തിനായി ലഹരിമരുന്നുകളോ സൈക്കോട്രോപിക് വസ്തുക്കളോ ഇറക്കുമതി ചെയ്യുക, കയറ്റുമതി ചെയ്യുക, ഉൽപാദിപ്പിക്കുക, നിർമിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് തടവിന് പുറമെ 35,000 മുതൽ 60,000 ഒമാനി റിയാൽ വരെ പിഴയും ചുമത്തും.
കുറ്റം ആവർത്തിക്കുക, ഔദ്യോഗിക പദവി, ലൈസൻസ് അല്ലെങ്കിൽ നിയമപരമായ പരിരക്ഷ ദുരുപയോഗം ചെയ്യുക, നിയമപരമായ ശേഷിയില്ലാത്തതോ കുറഞ്ഞ ശേഷിയുള്ളതോ ആയ വ്യക്തികളെ കുറ്റകൃത്യത്തിന് ഉപയോഗപ്പെടുത്തുക തുടങ്ങിയവ ഗുരുതര കുറ്റങ്ങളായാണ് കണക്കാക്കുന്നത്. രാജ്യാന്തര ലഹരിമരുന്ന് കടത്ത് സംഘങ്ങളുമായി സഹകരിക്കുകയോ അവയിൽ അംഗമാകുകയോ ചെയ്താലും വധശിക്ഷ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ നേരിടേണ്ടിവരും.
വിതരണ ലക്ഷ്യത്തോടെ ലഹരിമരുന്ന് കൈവശംവയ്ക്കുക, കൊണ്ടുപോകുക, വിൽക്കുക, കൈമാറുക, വിതരണം ചെയ്യുക തുടങ്ങിയ കുറ്റങ്ങൾക്ക് കുറഞ്ഞത് 15 വർഷം തടവും 10,000 മുതൽ 25,000 റിയാൽ വരെ പിഴയും ലഭിക്കും.
ലഹരിക്കെതിരെ കടുത്ത നടപടി; പുതിയ നിയമം പ്രാബല്യത്തിൽ…
