23 ദിവസത്തെ അനിശ്ചിതത്വത്തിന് വിരാമം… കറ്റാനം സെന്റ് സ്റ്റീഫൻസ് സ്കൂളിൽ…

ആലപ്പുഴ: ഫിറ്റ്നസ് നഷ്ടപ്പെട്ടതിനെ തുടർന്ന് പഠനം മുടങ്ങിയ ആലപ്പുഴ കറ്റാനം സെന്റ് സ്റ്റീഫൻസ് എൽപി സ്കൂളിൽ 23 ദിവസത്തിന് ശേഷം ക്ലാസുകൾ ഇന്ന് മുതൽ ആരംഭിക്കുന്നു. ഔദ്യോഗിക അംഗീകാരം ലഭിക്കാതെയാണ് താത്കാലിക കെട്ടിടത്തിൽ ക്ലാസുകൾ തുടങ്ങുന്നത്.

ഒന്നും മൂന്നും ക്ലാസുകൾക്കൊപ്പം രണ്ട്, നാല് ക്ലാസുകളും ഇതേ താത്കാലിക കെട്ടിടത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. ഭരണിക്കാവ് പഞ്ചായത്തിന്റെ മേൽനോട്ടത്തിലാണ് ക്ലാസുകൾ പുനരാരംഭിക്കുന്നത്. സ്കൂളിന്റെ പ്രവർത്തനം പൂർണ്ണതോതിൽ പുനരാരംഭിക്കും വരെ സമരം തുടരുമെന്നാണ് രക്ഷിതാക്കളുടെ നിലപാട്. മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ശാശ്വത പരിഹാരത്തിന് നടപടിയുണ്ടാകുന്നില്ലെ ന്നാണ് പ്രധാന പരാതി.

കഴിഞ്ഞ ദിവസം മന്ത്രി എം. ലിജു മാനേജ്മെന്റ് പ്രതിനിധികളുമായി മാത്രം ചർച്ച നടത്തി മടങ്ങിയത് രക്ഷിതാക്കളുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വിഷയത്തിൽ ശാശ്വത പരിഹാരം കാണുന്നതിനായി മന്ത്രി വിദ്യാഭ്യാസ ഡയറക്ടറുമായി കൂടിക്കാഴ്ച്ച നടത്തും. അംഗീകാരം ഉടൻ ലഭ്യമാക്കുമെന്ന് മന്ത്രി എം. ലിജു വ്യക്തമാക്കിയിട്ടുണ്ട്.

1916 മുതൽ കറ്റാനത്ത് പ്രവർത്തിക്കുന്ന സെന്റ് സ്റ്റീഫൻസ് എൽപി സ്കൂൾ 2009 ലാണ് ഓർത്തഡോക്സ് വലിയ പള്ളി മാനേജ്മെന്റ് ഏറ്റെടുക്കുന്നത്. ആദ്യകാലങ്ങളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്നെങ്കിലും പിന്നീട് പ്രവർത്തനങ്ങൾ മന്ദഗതിയിലായി. കഴിഞ്ഞ ജൂൺ 30-ന് കാലപ്പഴക്കത്താൽ ബലക്ഷയം സംഭവിച്ച കെട്ടിടത്തിന്റെ ഫിറ്റ്നസ് നഷ്ടപ്പെടുകയായിരുന്നു. എന്നാൽ ഇത് പുതുക്കിപ്പണിയാൻ മാനേജ്മെന്റ് തയ്യാറായില്ല. തുടർന്ന് 1, 3 ക്ലാസുകൾ പൂട്ടിടേണ്ടി വരികയും അധ്യാപകരുടെ ജോലി നഷ്ടപ്പെടുകയും ചെയ്തു.

പുതിയ കെട്ടിടം പണിയാനോ കുട്ടികൾക്ക് ബദൽ ക്ലാസുകൾ ഒരുക്കാനോ മാനേജ്മെന്റ് യാതൊരു താത്പര്യവും കാണിച്ചില്ല. ഇതോടെ ഇവിടെ പഠിക്കുന്ന 41 കുട്ടികളുടെ ഭാവിയാണ് പ്രതിസന്ധിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!