സ്വത്തുതര്‍ക്കം; വയോധികയുടെ ശരീരത്തിലേക്ക് മകളും ചെറുമകളും ചേര്‍ന്ന് തിളച്ച വെള്ളമൊഴിച്ചു

കൊല്ലം : ഇടമുളയ്ക്കലില്‍ സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് വയോധികയുടെ ശരീരത്തിലേക്ക് മകളും ചെറുമകളും ചേര്‍ന്ന് തിളച്ച വെള്ളമൊഴിച്ചു. 62 വയസ്സുകാരി രാധാമണിയെ അക്രമിച്ച കേസിൽ മകള്‍ അശ്വതി (37 ,അശ്വതി അച്ചു), ചെറുമകള്‍ അമൃത (18) എന്നിവര്‍ക്കെതിരെ ചടയമംഗലം പോലീസ് കേസെടുത്തു.

ശനിയാഴ്ച രാത്രി 11.30-ഓടെയാണ് ദാരുണമായ ഈ സംഭവം അരങ്ങേറിയത്. രാധാമണിയും ഭര്‍ത്താവ് അശോകനും താമസിക്കുന്ന വീട്ടിലെത്തിയ അശ്വതിയും മകളും ചേര്‍ന്ന് ഇരുവരെയും ബലമായി പുറത്താക്കി വീട് പൂട്ടുകയായിരുന്നു. തുടര്‍ന്ന് വീടിന് പുറത്തുവെച്ച്‌ രാധാമണിയുടെ മുഖത്തും ശരീരത്തിലും തിളച്ച വെള്ളമൊഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ രാധാമണി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

രാധാമണിയുടെയും അശോകന്റെയും പേരിലുള്ള വീടും വസ്തുവും തങ്ങളുടെ പേരിലേക്ക് എഴുതിക്കൊടുക്കാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. ഇത് ആദ്യമായല്ല അശ്വതി സ്വന്തം മാതാപിതാക്കള്‍ക്കെതിരെ കൈയേറ്റം നടത്തുന്നത്. മുന്‍പും പല തവണകളായി കൈകൊണ്ടും ഇരുമ്പ് കമ്പികൊണ്ടും രാധാമണിയെ ഉപദ്രവിച്ചിരുന്നതായി ചടയമംഗലം പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നുണ്ട്.

ആയൂര്‍ ഒഴുകുപാറയ്ക്കല്‍ സ്വദേശിയായ ‘അശ്വതി അച്ചു’ എന്ന് അറിയപ്പെടുന്ന അശ്വതി മുന്‍പും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഹണിട്രാപ്പ്, സാമ്പത്തിക തട്ടിപ്പ്, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത്രയധികം കേസുകള്‍ നിലനില്‍ക്കെയും കുറ്റവാളിയായ അശ്വതി യഥേഷ്ടം പുറത്തിറങ്ങി നടക്കുകയും പുതിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുകയായിരുന്നു.

മുന്‍പുള്ള ഒട്ടേറെ കേസുകളില്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ ഒളിച്ചുകളിയാണ് ഉണ്ടായതെന്ന ആക്ഷേപം ശക്തമാണ്. വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിച്ച്‌ പ്രമുഖരെയും ബിസിനസ്സുകാരെയും ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവങ്ങളിലെല്ലാം കേസ് ഒതുക്കിത്തീര്‍ത്തയായി ആക്ഷേപമുണ്ട്. ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച്‌ അന്വേഷണങ്ങള്‍ വഴിതിരിച്ചുവിടാന്‍ അശ്വതിക്ക് എളുപ്പത്തില്‍ സാധിക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

പൂവാര്‍ സ്വദേശിയായ വയോധികനില്‍ നിന്ന് വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച്‌ പണം തട്ടിയെടുത്ത കേസില്‍ മുന്‍പ് അശ്വതി അറസ്റ്റിലായിരുന്നു. കൂടാതെ യുട്യൂബര്‍മാരെയും വ്യവസായികളെയും കേന്ദ്രീകരിച്ച്‌ നടത്തിയ ഭീഷണിപ്പെടുത്തലു കളിലും പോലീസില്‍ പരാതികള്‍ ലഭിച്ചിരുന്നെങ്കിലും കര്‍ശന നടപടികള്‍ സ്വീകരിക്കാതെ ഒതുക്കുകയാണുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!