കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത വസ്തുക്കളുടെ റിപ്പോർട്ട് ഇന്ന് വിജിലൻസ് മൂവാറ്റുപുഴ കോടതിയിൽ സമർപ്പിക്കും.
റെയ്ഡിൽ 14 ലക്ഷം രൂപ, 788 യുഎസ് ഡോളർ, നാല് പവൻ സ്വർണ കോയിനുകൾ എന്നിവയാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഡോളർ വിദേശയാത്രയ്ക്കായി എടുത്തുവെച്ചതാണെന്നാണ് പ്രജനി രാജൻ വിജിലൻസിന് നൽകിയ മൊഴി.
14 ലക്ഷം രൂപ ലോഡ്ജിന്റെ വാടകയിനത്തിൽ ലഭിച്ചതാണെന്നും മൊഴിയിലുണ്ട്. എന്നാൽ ഇവ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനാണ് വിജിലൻസിന്റെ തീരുമാനം.പ്രജനി രാജനെതിരെ എട്ട് മാസം മുമ്പാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പിനും കത്ത് നൽകും.
തേവരയിലെ ജിഎസ്ടി ജോയിന്റ് കമ്മീഷണർ ഓഫിസിലും പച്ചാളത്തെ വീടുകളിലുമാണ് വിജിലൻസ് പരിശോധന നടത്തിയത്. ശനിയാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് രാത്രി ഒമ്പതിനാണ് അവസാനിച്ചത്.ഏകദേശം രണ്ടേമുക്കാൽ കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് വിജിലൻസ് പറയുന്നു.
കീഴ് ഉദ്യോഗസ്ഥർ കണ്ടെത്തുന്ന നികുതി വെട്ടിപ്പ് കേസുകളിൽ അന്വേഷണത്തിന് ഉത്തരവിടുകയും വിശദമായ റിപ്പോർട്ട് നൽകുകയും ചെയ്യേണ്ടത് ജോയിന്റ് കമ്മീഷണറാണ്. എന്നാൽ നികുതി വെട്ടിപ്പ് നടത്തിയവരെ നേരിട്ട് കണ്ട് പണം കൈപ്പറ്റി കേസുകൾ ഒത്തുതീർപ്പാക്കുന്നുവെന്ന പരാതി വിജിലൻസിന് ലഭിച്ചിരുന്നു.
തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രജനി രാജന്റെ വീട്ടിൽനിന്ന് പണവും ഡോളറും സ്വർണക്കോയിനുകളും കണ്ടെത്തിയത്.
