കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 19 കിലോ കഞ്ചാവുമായി യുവതി പിടിയിൽ…

കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 19 കിലോ കഞ്ചാവുമായി യുവതി പിടിയിൽ. പശ്ചിമബംഗാളിലെ നോർത്ത് പർഗനാസ് സ്വദേശിനി മിനോതി സർദാർ (32) ആണ് ആർ.പി.എഫും റെയിൽവേ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പിടിയിലായത്. ഞായറാഴ്ച രാവിലെയാണ് സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ചെന്നൈ–മംഗളൂരു എക്സ്പ്രസിലെ ജനറൽ കോച്ചിലാണ് യുവതി കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്.

ആന്ധ്ര–ഒഡിഷ അതിർത്തിയിലെ ഗ്രഹാംപുരിൽനിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതി നേരത്തെയും സമാന രീതിയിൽ കോഴിക്കോട് കഞ്ചാവ് എത്തിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അതേസമയം, ദിവസങ്ങൾക്ക് മുൻപും ഇതേ ട്രെയിനിൽനിന്ന് 18 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിലായിരുന്നു. എസ്.കെ. സുമൻ (20), ലാൽ ചന്ദ് ഷെയ്ഖ് (29) എന്നിവരെയാണ് അന്ന് അറസ്റ്റ് ചെയ്തത്. ഇവർ രണ്ട് ബാഗുകളിലായി കഞ്ചാവ് ഒളിപ്പിച്ചിരുന്നതായാണ് വിവരം. മിനോതി സർദാറിന് ഇവരുമായി ബന്ധമുണ്ടോയെന്നതും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

കോഴിക്കോട്ടേക്ക് ട്രെയിൻ മാർഗമുള്ള ലഹരിക്കടത്ത് വർധിക്കുന്ന സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!