മുട്ടിൽ മരംമുറിക്കേസ്; വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ അഗസ്റ്റിൻ സഹോദരങ്ങൾ കോടതിയിൽ കീഴടങ്ങി

എറണാകുളം : മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വിശ്വാസവഞ്ചനാക്കേസിൽ നിർണായക നീക്കം. തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ അഗസ്റ്റിൻ സഹോദരങ്ങൾ വിചാരണക്കോടതിയിൽ കീഴടങ്ങി. ആൻ്റോ അഗസ്റ്റിനും ജോസൂട്ടി അഗസ്റ്റിനുമാണ് ചോറ്റാനിക്കര കോടതിയിൽ ഹാജരായത്.

ചോറ്റാനിക്കര കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് മണിക്കൂറുകൾക്കു ള്ളിലാണ് ഇരുവരും കോടതിയിലെത്തി കീഴടങ്ങിയത്. കേസിലെ മറ്റൊരു പ്രതിയായ റോജി അഗസ്റ്റിനോട് ഓഗസ്റ്റ് 13ന് കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.

വയനാട്ടിലെ മുട്ടിൽ, മേപ്പാടി മേഖലകളിൽ നിന്ന് മുറിച്ചുകടത്തിയ മരങ്ങൾ എറണാകുളത്തെ മരക്കമ്പനി ഉടമയായ അലിയാർക്ക് അഗസ്റ്റിൻ സഹോദരങ്ങൾ വിൽക്കുകയായിരുന്നു. വനംവകുപ്പിന്റെ പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരങ്ങൾ കൈമാറിയതെന്നാണ് കേസ്. മരംമുറിക്കേസ് പുറത്തുവന്നതോടെ വനംവകുപ്പ് തടികൾ കസ്റ്റഡിയിലെടുത്തു.

തുടർന്ന് കമ്പനി ഉടമ അലിയാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അമ്പലമേട് പൊലീസ് വിശ്വാസവഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തു. റോജി അഗസ്റ്റിൻ, ആൻ്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവരെ പ്രതികളാക്കി 2021ലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

കേസിലെ തുടർനടപടികൾ ആരംഭിച്ചതിന് പിന്നാലെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി നിരസിച്ചു. ഇതോടെയാണ് ചോറ്റാനിക്കര കോടതിയിൽ വിചാരണ നടപടികൾക്ക് തുടക്കമായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!