സിനിമയെ വെല്ലും രംഗങ്ങൾ; ലഹരിക്കടത്ത് സംഘത്തെ ചേസ് ചെയ്ത് പൊലീസ്; കാറിന് മുകളിൽ കയറി പൊലീസുകാരൻ; സഞ്ചരിച്ചത്…

കോയമ്പത്തൂർ : സിനിമാരംഗങ്ങളെ വെല്ലുന്ന ചേസിങ്ങിനൊടുവിൽ ലഹരിക്കടത്ത് സംഘത്തെ പിടികൂടി കോയമ്പത്തൂർ പൊലീസ്. കോയമ്പത്തൂരിലെ വിലാങ്കുറിച്ചിയിലാണ് സിനിമയെ വെല്ലുന്ന രംഗങ്ങൾക്കൊടുവിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന ലഹരിക്കടത്തുകാരെ പൊലീസ് കീഴടക്കിയത്.

ഹെഡ് കോൺസ്റ്റബിളായ വേൽമുരുകന്റെ അതിസാഹസികമായ നീക്കമാണ് ലഹരിക്കടത്തുകാർക്ക് പിടിവീഴാൻ കാരണമായത്. പ്രതികൾ സഞ്ചരിച്ച കാർ നിർത്താനായി അവരുടെ കാറിന് മുകളിലേക്ക് കയറിയ വേൽമുരുകൻ, ഏകദേശം 40 കിലോമീറ്ററോളം ദൂരമാണ് കാറിന് മുകളിൽ കിടന്ന് പ്രതികളെ പിന്തുടർന്നത്.

ഒടുവിൽ വേൽമുരുകനും പിന്നാലെയെത്തിയ മറ്റുപൊലീസുകാരും ചേർന്ന് അതിസാഹസികമായി കാർ തടഞ്ഞുനിർത്തുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കഴിഞ്ഞദിവസം കോയമ്പത്തൂരിലാണ് സിനിമാ സ്റ്റൈൽ ചേസിങ് നടന്നത്. കർണാടകയിൽനിന്ന് കാറിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് റോഡിൽ പരിശോധന ആരംഭിച്ചത്. ഇതിനിടെയാണ് കർണാടക രജിസ്ട്രേഷനിലുള്ള കാർ ഇതുവഴിയെത്തിയത്.

എന്നാൽ, പൊലീസുകാർ ആവശ്യപ്പെട്ടിട്ടും കാർ നിർത്തിയില്ല. ഇതോടെ എസ്ഐയും ഹെഡ് കോൺസ്റ്റബിളായ വേൽമുരുകനും ബൈക്കിൽ കാറിനെ പിന്തുടർന്നു. കാർ തടഞ്ഞുനിർത്താനുള്ള ശ്രമത്തിനിടെയാണ് വേൽമുരുകൻ കാറിന് മുകളിലേക്ക് വലിഞ്ഞുകയറിയത്. എന്നിട്ടും പ്രതികൾ കാർ നിർത്താൻ കൂട്ടാക്കിയില്ല. ഇതോടെ വേൽമുരുകൻ കാറിന് മുകളിൽ തന്നെ കിടന്നു. ഏകദേശം 40 കിലോമീറ്ററോളം ദൂരത്തിലാണ് വേൽമുരുകനുമായി ഇത്തരത്തിൽ കാർ സഞ്ചരിച്ചത്.

ഇതിനിടെ ബൈക്കിലുണ്ടായിരുന്ന എസ്ഐ പൊലീസ് കൺട്രോൾ റൂമിലും ആംബുലൻസിലും വിവരമറിയിച്ചു. ഉടൻതന്നെ കൂടുതൽ പൊലീസും ആംബുലൻസും കാർ സഞ്ചരിക്കുന്ന പാതയിലെത്തി കാറിനെ പിന്തുടർന്നു. ഒടുവിൽ അതിസാഹസികമായി വേൽമുരുകനും മറ്റുപൊലീസുകാരും ചേർന്ന് കാർ തടഞ്ഞുനിർത്തുക യായിരുന്നു.

ചേസിങ്ങിനിടെ ആംബുലൻസിൽനിന്ന് പകർത്തിയ വേൽമുരുകന്റെ ദൃശ്യങ്ങൾ പിന്നീട് സാമൂഹികമാധ്യമങ്ങളിലും വൈറലായി. അതിസാഹസികമായി പ്രതികളെ പിടികൂടിയ വേൽമുരുകന് അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു.

അതേസമയം, കാറിൽനിന്ന് 200 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തതായും കാറിലുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശികളെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു. പ്രതികളെ പൊലീസ് ചോദ്യംചെയ്തുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!