ഭോപ്പാല്‍: ‘ഹലോ… ഞാന്‍ ദിവ്യ സംസാരിക്കുന്നു’ ലളിതമായ ഈ വാട്‌സ്ആപ്പ് സന്ദേശത്തില്‍ നിന്ന് രാജ്യത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപ തട്ടിപ്പുകളില്‍ ഒന്നിന് ഇരയായി 70കാരന്‍.
ഗ്വാളിയോറിലെ മുതിര്‍ന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അശോക് വിജയ്‌വര്‍ഗിയയില്‍ നിന്ന് 21.06 കോടി രൂപയാണ് ഈ തട്ടിപ്പിലൂടെ കവര്‍ന്നത്. തുടര്‍ന്ന് ഈ പണം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയതായും പൊലീസ് പറയുന്നു.
മധ്യപ്രദേശ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ ചീഫ് റിട്ടേണിങ് ഓഫീസര്‍ കൂടിയായ അശോക് വിജയവര്‍ഗിയയില്‍ നിന്ന് തട്ടിയെടുത്ത പണം ഏതാനും ചില വ്യാജ അക്കൗണ്ടുകളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും പൊലീസ് പറയുന്നു. തെക്കേ ഇന്ത്യ മുതല്‍ വടക്കന്‍ സംസ്ഥാനങ്ങള്‍ വരെയുള്ള 20,000-ത്തിലധികം ഡിജിറ്റല്‍ ഇടപാടുകളും അക്കൗണ്ടുകളും ഉള്‍പ്പെടുന്ന സങ്കീര്‍ണ്ണമായ നാല് ലെയറുകളുള്ള ബാങ്കിങ് ശൃംഖലയിലൂടെയാണ് ഈ ഫണ്ട് കടത്തിവിട്ടതെന്ന് ഗ്വാളിയോര്‍ സ്റ്റേറ്റ് സൈബര്‍ സെല്ലിന്റെ പ്രാഥമിക അന്വേഷണം വ്യക്തമാക്കുന്നു.
2025 ഡിസംബറിനും 2026 ജൂലൈയ്ക്കും ഇടയിലാണ് ഈ തട്ടിപ്പ് നടന്നത്. ക്രിപ്റ്റോകറന്‍സിയായ യുഎസ്ഡിടിയില്‍ ( United States Dollar Tether) നിക്ഷേപിച്ചാല്‍ ചുരുങ്ങിയ സമയം കൊണ്ട് വന്‍ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. വിജയ്‌വര്‍ഗിയയ്ക്ക് ഒടുവില്‍ 21,05,92,000 രൂപയാണ് നഷ്ടമായത്. വ്യാജ ട്രേഡിങ് പോര്‍ട്ടലില്‍ 33 കോടിയിലധികം രൂപ ലാഭം കാണിച്ചായിരുന്നു തട്ടിപ്പ് എന്നും പൊലീസ് പറയുന്നു. ഇതുവരെ ഏകദേശം രണ്ടു കോടി രൂപയോളം മരവിപ്പിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ബാക്കി തുക തടയാന്‍ കഴിയുന്നതിന് മുമ്പ് തന്നെ പിന്‍വലിക്കുകയോ മറ്റ് പേയ്മെന്റുകള്‍ക്കായി മാറ്റുകയോ ചെയ്തതായാണ് വിവരം.
പ്രാഥമിക കണ്ടെത്തലുകള്‍ പ്രകാരം, പണം എളുപ്പത്തില്‍ കണ്ടെത്താനോ മരവിപ്പിക്കാനോ കഴിയാത്ത വിധം സങ്കീര്‍ണ്ണമായ മള്‍ട്ടി-ലെയര്‍ ട്രാന്‍സ്ഫര്‍ സംവിധാനമാണ് തട്ടിപ്പുകാര്‍ ഉപയോഗിച്ചത്. 21,000 ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടുകള്‍ കമ്മീഷന്‍ നല്‍കി വാടകയ്ക്കെടുക്കുന്ന ‘മണി മ്യൂള്‍’ (Money Mules) രീതിയും ഉപയോഗിച്ചിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. എടിഎമ്മുകള്‍, ഷോപ്പിംഗ് വൗച്ചറുകള്‍, ക്യാഷ് വൗച്ചറുകള്‍, ഓണ്‍ലൈന്‍ പേയ്മെന്റുകള്‍, യുഎസ്ഡിടി ഉള്‍പ്പെടെയുള്ള ക്രിപ്റ്റോകറന്‍സി എന്നിവ വഴി പണം പിന്‍വലിക്കുകയോ മറ്റ് രൂപങ്ങളിലേക്ക് മാറ്റുകയോ ചെയ്തു.
പണം ബാങ്കുകള്‍ക്കോ പൊലീസിനോ മരവിപ്പിക്കാന്‍ സമയം നല്‍കാത്ത വിധം വളരെ വേഗത്തില്‍ ചെറിയ തുകകളായി വിഭജിച്ച് രാജ്യത്തുടനീളം മാറ്റുകയായിരുന്നു ഇവരുടെ രീതി. കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കേരളം, ഹരിയാന, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഡ് എന്നി സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അന്വേഷണം നീണ്ടിട്ടുണ്ട്.
ആയുഷ്മാന്‍ ഖുറാന നായകനായ ‘ഡ്രീം ഗേള്‍’ സിനിമയിലെ ‘പൂജ’ എന്ന വ്യാജ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു തട്ടിപ്പിന്റെ തുടക്കം. 2025 ഡിസംബറില്‍ വിജയവര്‍ഗിയയ്ക്ക് ഒരു ഇന്ത്യന്‍ മൊബൈല്‍ നമ്പറില്‍ നിന്ന് സന്ദേശം ലഭിച്ചു. സന്ദേശമയച്ചയാള്‍ സ്വയം ‘ദിവ്യ’ എന്ന് പരിചയപ്പെടുത്തുകയും താനൊരു നിക്ഷേപ ഉപദേശകയാണെന്ന് അവകാശപ്പെടുകയും ചെയ്തു.
യുഎസ് ഡോളറിന്റെ മൂല്യത്തിന് അനുസൃതമായി നില്‍ക്കുന്ന ക്രിപ്റ്റോകറന്‍സിയായ യുഎസ്ഡിടിയില്‍ (USDT) നിക്ഷേപിച്ചാല്‍ ചുരുങ്ങിയ സമയം കൊണ്ട് വന്‍ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും പൊലീസ് പറയുന്നു. വ്യാജ ട്രേഡിങ് പോര്‍ട്ടലില്‍ അക്കൗണ്ട് തുറന്ന ശേഷം ആദ്യം ചെറിയ നിക്ഷേപങ്ങള്‍ നടത്തിച്ചു. ഡിസംബര്‍ 25-ന് നാല് തവണകളായി വിജയവര്‍ഗിയ 10,000 രൂപ വീതം അയച്ചു. ഇതിന് വലിയ ലാഭം കാണിച്ച പോര്‍ട്ടല്‍, ജനുവരി 7ന് അദ്ദേഹത്തിന്റെ എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടിലേക്ക് 1.88 ലക്ഷം രൂപ ലാഭവിഹിതമായി അയച്ചു നല്‍കി. പണം ബാങ്കില്‍ എത്തിയതോടെ വിജയ്‌വര്‍ഗിയയ്ക്ക് ഇവരില്‍ വിശ്വാസമായി. ഈ വിശ്വാസം മുതലെടുത്താണ് തട്ടിപ്പ് നടത്തിയതെന്നും പൊലീസ് പറയുന്നു.
വിശ്വാസം ഉറച്ചതോടെ നിക്ഷേപ തുക കോടികളായി ഉയര്‍ന്നു. തുടര്‍ന്ന് ട്രേഡിങ് പോര്‍ട്ടല്‍ വിജയവര്‍ഗിയയുടെ അക്കൗണ്ടില്‍ 33.25 കോടി രൂപയുടെ ലാഭം കാണിച്ചു. എന്നാല്‍ ഈ പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടു. പണം പിന്‍വലിക്കണമെങ്കില്‍ ഇന്‍കം ടാക്‌സ് ഇനത്തില്‍ 10.84 കോടി രൂപ അടയ്ക്കണമെന്ന് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടു. ഇതിനായി തങ്ങളുടെ വകയായി 5.34 കോടി രൂപ നല്‍കാമെന്ന് വ്യാജമായി വാഗ്ദാനം ചെയ്ത് ബാക്കി തുക വിജയവര്‍ഗിയയെ കൊണ്ട് നിര്‍ബന്ധിച്ച് അടപ്പിച്ചു. പിന്നീട് റിസ്‌ക് മാര്‍ജിന്‍ ഇനത്തില്‍ വീണ്ടും ഒരു കോടി രൂപ കൂടി ആവശ്യപ്പെട്ടപ്പോഴാണ് താന്‍ വഞ്ചിക്കപ്പെടുകയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. നിലവില്‍ ഗ്വാളിയോര്‍ സ്റ്റേറ്റ് സൈബര്‍ സെല്‍ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
