ഹൈബീം, ഫ്ലാഷ് ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങൾ സൂക്ഷിക്കുക, പരിശോധനയും പിഴയും കടുപ്പിച്ച് മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം : വാഹനങ്ങളിൽ നിയമവിരുദ്ധമായി ഘടിപ്പിക്കുന്ന അതിതീവ്ര പ്രകാശമുള്ള ലൈറ്റുകൾക്കും മറ്റ് അനധികൃത മോഡിഫിക്കേഷനുകൾക്കുമെതിരെ കർശന നടപടിക്ക് മോട്ടോർ വാഹനവകുപ്പ്. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ മോട്ടോർ വാഹന ഇൻസ്‌പെക്ടർമാർക്കും (എം.വി.ഐ) വ്യാപക പരിശോധന നടത്താൻ നിർദേശം നൽകി.

ഓഗസ്റ്റ് നാലിന് നൽകിയ നിർദേശപ്രകാരം, അതിതീവ്ര പ്രകാശമുള്ള ലൈറ്റുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടെത്തി നിയമനടപടി സ്വീകരിക്കാനാണ് എം.വി.ഐമാർക്ക് നിർദേശം. പരിശോധനകൾ നടത്തിയതിന്റെ വിവരങ്ങളും എത്ര വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചുവെന്നതും ഉൾപ്പെടെയുള്ള റിപ്പോർട്ട് ഓഗസ്റ്റ് 20-നകം സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഹൈക്കോടതി നേരത്തെ തന്നെ നിയമലംഘനങ്ങൾക്ക് ഈടാക്കേണ്ട പിഴത്തുകയും വ്യക്തമാക്കിയിട്ടുണ്ട്. അനധികൃതമായി ഘടിപ്പിച്ച അതിതീവ്ര പ്രകാശമുള്ള ലൈറ്റുകൾ കണ്ടെത്തിയാൽ ഒരു യൂണിറ്റിന് 5,000 രൂപ പിഴ ഈടാക്കണം. അതുപോലെ, വാഹനത്തിന് പുറത്തേക്ക് തള്ളിനിൽക്കുന്ന ടയറുകൾ, അമിത ശബ്ദവും പുകയും ഉണ്ടാക്കുന്ന മോഡിഫൈഡ് എക്സ്ഹോസ്റ്റ് സംവിധാനങ്ങൾ, മറ്റ് അനധികൃത മാറ്റങ്ങൾ എന്നിവയ്ക്കും ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ ചുമത്താനാണ് കോടതി നിർദേശം.

നിയമപ്രകാരം ഉയർന്ന പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ടെങ്കിലും, പ്രായോഗികമായി പലപ്പോഴും ചെറിയ തുക മാത്രം ഈടാക്കുന്ന പ്രവണത നിലനിൽക്കുന്നുവെ ന്നാണ് വിലയിരുത്തൽ.

വാഹനങ്ങളിൽ അമിതപ്രകാശമുള്ള ലൈറ്റുകൾ ഘടിപ്പിക്കുന്നതിനെതിരെ ഹൈക്കോടതി പലതവണ ഇടപെട്ടിട്ടുണ്ട്. 2023 ഓഗസ്റ്റ് 15, 2025 നവംബർ 20, 2026 ജൂലൈ 16 എന്നീ തീയതികളിൽ പരിശോധനകൾ കർശനമാക്കണമെന്ന് കോടതി പ്രത്യേക ഉത്തരവുകളും പുറപ്പെടുവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!