കോട്ടയം: എംജി സർവകലാശാലയിലെ മാധ്യമ നിയന്ത്രണ ഉത്തരവിനെതിരെ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ.
മാധ്യമ പ്രവർത്തകർക്ക് സർവകലാശാലയിൽ പ്രവേശിക്കുന്നതിനും വാർത്തകൾ ശേഖരിക്കുന്നതിനും വൈസ് ചാൻസലറുടെ മുൻകൂർ അനുമതി നിർബന്ധമാക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു.
ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സർവകലാശാലകളിൽ ഇത്തരം ഏകാധിപത്യ നടപടികൾ അനുവദിക്കില്ല. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നീക്കങ്ങൾ ജനാധിപത്യവിരുദ്ധമാണ്. മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള ഉത്തരവിലൂടെ ഏകാധിപത്യ പ്രവണതയാണ് വ്യക്തമാകുന്നതെന്നും റോജി എം. ജോൺ വിമർശിച്ചു.
മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അത്തരം നീക്കങ്ങളെ ശക്തമായി എതിർക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഉത്തരവ് പിൻവലിക്കാൻ സർവകലാശാലാ അധികൃതർ അടിയന്തരമായി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
