കണ്ണൂർ : ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂത്തുപറമ്പ് മജിസ്ട്രേറ്റ് യദുകൃഷ്ണനാണ് അർജുനെ റിമാൻഡ് ചെയ്തത്. പ്രതിയെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് നൽകിയ പരാതിയിൽ കണ്ണൂർ സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
ദിവസങ്ങളായി കേരള പൊലീസ് തിരഞ്ഞുവന്ന അർജുൻ ആയങ്കിയെ ഞായറാഴ്ച പുലർച്ചെയോടെയാണ് കണ്ണൂരിൽ നിന്ന് പൊലീസ് സംഘം പിടികൂടിയത്. കണ്ണൂർ നഗരത്തിലെ ഒരു അഭിഭാഷകയുടെ ഫ്ലാറ്റിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ഫ്ലാറ്റിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ ശനിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കണ്ണൂർ പനങ്കാവിലാണ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇയാൾ കണ്ണൂരിൽ തന്നെയുണ്ടെന്ന് ഉറപ്പിച്ച പൊലീസ് പഴുതടച്ച അന്വേഷണം നടത്തിയാണ് പ്രതിയെ വലയിലാക്കിയത്.
