മരിച്ചെന്ന് കരുതിയ യുവതി ആറു വർഷത്തിനു ശേഷം തിരിച്ചെത്തി; കൊലക്കേസിൽ യുവാവ് ജയിലിൽ കഴിഞ്ഞത് രണ്ടു വർഷം…

മൈസൂരു : ആറു വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ടെന്ന നിഗമനത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കൊലപാതകക്കേസിൽ അപ്രതീക്ഷിത വഴിത്തിരിവ്.

കൊലപ്പെടുത്തിയെന്ന് ആരോപിച്ച് യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച കേസിൽ, കൊല്ലപ്പെട്ടെന്ന് കരുതിയ യുവതി ജീവനോടെ നാട്ടിൽ തിരിച്ചെത്തി. കർണാടകയിലെ മണ്ഡ്യ ജില്ലയിലെ പാണ്ഡവപുരയിലാണ് സംഭവം. എൻ. മഞ്ജു (35) ആണ് അപ്രതീക്ഷിതമായി തിരിച്ചെത്തിയത്.

2019 ജൂണിലാണ് മഞ്ജുവിനെ കാണാതായത്. ശ്രീരംഗപട്ടണം സ്വദേശിയായ മഞ്ചുനാഥുമായുള്ള വിവാഹബന്ധം തകർന്നതിനു പിന്നാലെ ചാമരാജ്നഗർ സ്വദേശിയായ കാമുകൻ നാഗേന്ദ്രയ്ക്കൊപ്പം മഞ്ജു നാടുവിടുകയായിരുന്നു. ചെന്നൈയിലെത്തിയ ഇരുവരും അവിടെ ജോലി ചെയ്ത് ജീവിതം ആരംഭിച്ചു.

മകളെക്കുറിച്ച് വിവരമൊന്നും ലഭിക്കാതായതോടെ പിതാവ് നാഗരാജു പൊലീസിൽ പരാതി നൽകി. രണ്ടു വർഷം അന്വേഷണം നടത്തിയിട്ടും മഞ്ജുവിനെ കണ്ടെത്താനായില്ല. ഇതിനിടെ 2021 ഓഗസ്റ്റിൽ ബന്ധുവായ രാജേഷിനെതിരെ കൊലപാതക ആരോപണവുമായി മറ്റൊരു പരാതിയെത്തി. മഞ്ജുവിനെ പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നായിരുന്നു പരാതി. ഇതോടെ പൊലീസ് രാജേഷിനെ അറസ്റ്റ് ചെയ്തു.

മഞ്ജുവും രാജേഷും നേരത്തെ പ്രണയത്തിലായിരുന്നുവെന്നും ബന്ധം തകർന്നതിന്റെ വൈരാഗ്യത്തിലാണ് രാജേഷ് കൊലപാതകം നടത്തിയതെന്നുമായിരുന്നു കുറ്റപത്രത്തിലെ പൊലീസ് വാദം. എന്നാൽ മഞ്ജുവിന്റെ മൃതദേഹം കണ്ടെത്താനായില്ല. ഇതിനു പിന്നാലെ രണ്ടു വർഷത്തെ ജയിൽവാസത്തിനു ശേഷം രാജേഷിന് ജാമ്യം ലഭിച്ചു.

കഥയിൽ നിർണായകമായ മാറ്റമുണ്ടായത് മാസങ്ങൾക്കു മുൻപാണ്. മഞ്ജു പാണ്ഡവപുരയിലെ മായിഗൊനഹള്ളിയിൽ താമസിക്കുന്നുണ്ടെന്ന വിവരം പ്രദേശവാസികളിൽ നിന്ന് ലഭിച്ചു. തുടർന്ന് രാജേഷും പിതാവ് രമേശും നടത്തിയ അന്വേഷണത്തിലാണ് ആറു വർഷം മുൻപ് കാണാതായ മഞ്ജു ജീവിച്ചിരിക്കുന്നതായി സ്ഥിരീകരിച്ചത്.

രാജേഷുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും താൻ കൊല്ലപ്പെട്ടെന്ന തരത്തിൽ കേസ് രജിസ്റ്റർ ചെയ്ത കാര്യം അറിയില്ലെന്നുമാണ് മഞ്ജു പൊലീസിന് മൊഴി നൽകിയത്. നിലവിൽ മഞ്ജുവിനെ നാഗമംഗലയിലെ സ്ത്രീ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. യുവതി തിരിച്ചെത്തിയതോടെ കൊലപാതകക്കേസിൽ ഇതുവരെ പുറത്തുവന്ന വിവരങ്ങളും അന്വേഷണത്തിന്റെ നിഗമനങ്ങളും വീണ്ടും പരിശോധിക്കേണ്ട സാഹചര്യമാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!