കട്ടപ്പന : ‘യതോ ധർമ്മ സ്തതോ ജയ:’ എന്ന മുദ്രാവാക്യമുയർത്തി സംന്യാസിമാരുടെ നേതൃത്വത്തിൽ കാസർഗോഡ് നിന്ന് ആരംഭിച്ച ധർമ്മസന്ദേശ യാത്രയ്ക്ക് കട്ടപ്പനയിൽ ഉജ്ജ്വല സ്വീകരണം നൽകി.
കട്ടപ്പന വെള്ളയാംകുടി കല്ലറക്കൽ റസിഡൻസി ഓഡിറ്റോറിയത്തിൽ രാവിലെ 10:30ന് ഹിന്ദു നേതൃ സമ്മേളനവും ഉച്ച കഴിഞ്ഞ് 3 മണിക്ക് വീരാട് ഹിന്ദു സമ്മേളനവും നടന്നു. സ്വാമി അയ്യപ്പദാസ് അദ്ധ്യക്ഷനായി. സ്വാമി ചിദാനന്ദപുരി ധർമ്മ സന്ദേശം നൽകി.

നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കേരളത്തനിമയുടെ വീണ്ടെടുക്കലും ലഹരിക്കും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കും അടിമകളായ യുവജനങ്ങളെ നേർവഴികളിലേക്ക് നയിക്കാൻ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്ന് സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. ജാതി, മത, രാഷ്ട്രീയ സംഘർഷങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഹിന്ദു സമൂഹത്തിന്റെ നിലനിൽപ്പ് കാത്തുസൂക്ഷിക്കാനും ഇത് സംബന്ധിച്ച് ബോധവത്ക്കരണം നടത്താനുമാണ് മാർഗ ദർശക മണ്ഡലം കേരളം എന്ന പേരിൽ ഈ ധർമ്മ സന്ദേശ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
ഹൈന്ദവ സംസ്കാരവും കേരളത്തനിമയും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇതിൽ നിന്നും ഹൈന്ദവ സമൂഹത്തെ ഒന്നടങ്കം മോചിപ്പിക്കുക എന്നതാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യമെന്നും സ്വാമിജി പറഞ്ഞു.
വെള്ളയാംകുടി സരസ്വതി വിദ്യാപീഠം സ്കൂളിലെ വിദ്യാർത്ഥികൾ യോഗാ ഡാൻസും അവതരിപ്പിച്ചു . സ്വാമി വിശ്വബ്രഹ്മ ശങ്കരാചാര്യർ പീഠാധീശ്വർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു .
സ്വാമിമാരായ അദ്ധ്യാത്മാനന്ദ സരസ്വതി, സ്വാമി ദേവ ചൈതന്യ, സ്വാമി പ്രജ്ഞാനന്ദതീർത്ഥപാദർ, സ്വാമി ശിവധർമ്മാനന്ദ സരസ്വതി, സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, സ്വാമി പ്രണവ സ്വരൂപാനന്ദ സരസ്വതി, സ്വാമി കൃഷ്ണ മാനന്ദ സരസ്വതി, സ്വാമി അംബികാനന്ദ സരസ്വതി, സ്വാമി അഭയാനന്ദ സരസ്വതി തുടങ്ങിയവർ പങ്കെടുത്തു.
