തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കനത്ത മഴയിൽ ഏറ്റവുംകൂടുതൽ നാശനഷ്ടമുണ്ടായത് മധ്യകേരളത്തിലാണ്. ഇടുക്കി, കോട്ടയം ജില്ലകളിൽ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും പലയിടത്തും വീടുകൾ തകർന്നു.
ഇന്ന് ഒമ്പത് ജില്ലകളിൽ റെഡ് അലർട്ടും അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ‍് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
