കഴിഞ്ഞ മുപ്പത്തിയഞ്ച് ദിവസങ്ങളിലായി രാജ്യ തലസ്ഥാനത്ത്‌ നടന്നുവന്ന സിജെപി സമരം പിൻവലിച്ചു

ന്യൂഡൽഹി : കഴിഞ്ഞ മുപ്പത്തിയഞ്ച് ദിവസങ്ങളിലായി രാജ്യ തലസ്ഥാനത്ത്‌ നടന്നുവന്ന സിജെപി സമരം പിൻവലിച്ചു.

കേന്ദ്രം കേസുകളെല്ലാം പിൻവലിക്കും,എല്ലാ ആവശ്യങ്ങളും അംഗീകരിച്ചെന്ന് സിജെപി  അറിയിച്ചു. സമരക്കാർ വീടുകളിലേക്ക് മടങ്ങണമെന്ന് ആഹ്വാനം.

മൂന്നാം തവണയാണ് സിജെപിയുമായി കേന്ദ്ര മന്ത്രിമാർ ചർച്ച നടത്തിയത്. രണ്ട് വട്ടവും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ തട്ടിയാണ് ചർച്ച പരാജയപ്പെട്ടത്. എന്നാൽ ഇന്ന് ചർച്ച ആരംഭിക്കുന്നതിനു മുൻപേ ധർമേന്ദ്ര പ്രധാൻ രാജി വച്ചിരുന്നു. തുടർന്ന് പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് ചർച്ചയിൽ ഉണ്ടായിരുന്നത്.

സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കണമെന്നും നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി നഷ്ടപരിഹാരമായി നൽകണമെന്നുമാണ് സിജെപി ആവശ്യപ്പെട്ടത്. ഈ വിഷയത്തിൽ ചർച്ചയിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങൾ സംയുക്ത പത്രസമ്മേളനത്തിൽ കേന്ദ്ര മന്ത്രിമാരും സിജെപി നേതാക്കളും വിവരിച്ചു.

സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് എതിരെ എടുത്ത എല്ലാ കേസുകളും പിൻവലിക്കുമെന്നും ഭാവിയിൽ ഒരുവിധത്തിലുള്ള നിയമനടപടികളും ഉണ്ടാവില്ലെന്ന് കേന്ദ്രസർക്കാർ ഉറപ്പു നൽകി.അതേസമയം, ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തിൽ അനുഭാവപൂർവമായ നടപടികൾ സ്വീകരിക്കുമെന്നും, അർഹമായ നഷ്ടപരിഹാരം നൽകാമെന്നും സിജെപി നേതാക്കൾക്ക് കേന്ദ്രമന്ത്രിമാർ ഉറപ്പുനൽകി.

വിദ്യാഭ്യാസ രംഗത്ത് സിജെപി മുന്നോട്ടുവച്ച പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ചർച്ച നടത്താമെന്നും കേന്ദ്ര മന്ത്രിമാർ സമ്മതിച്ചു. തുടർന്ന് സമരം വിജയിച്ചെന്നും പ്രവർത്തകർ സമാധാനപൂർവം പിരിഞ്ഞുപോകണമെന്നും സിജെപി നേതാക്കൾ അഭ്യർഥിച്ചു. പത്രസമ്മേളനത്തിനു ശേഷം കേന്ദ്ര മന്ത്രിമാരും സിജെപി നേതാക്കളും കൈ കൊടുത്താണ് പിരിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!