വേളാങ്കണ്ണി തീർഥാടകർക്കായി സ്പെഷ്യൽ ട്രെയിൻ; എറണാകുളത്ത് നിന്ന് പ്രതിവാര സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

തിരുവനന്തപുരം: വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയത്തിലെ വാർഷിക തിരുനാളിന് ആയിരക്കണക്കിന് തീർഥാടകർ എത്തുന്ന സാഹചര്യത്തിൽ യാത്രാസൗകര്യം വർധിപ്പിച്ച് ദക്ഷിണ റെയിൽവേ. എറണാകുളം ജംഗ്ഷനിൽ നിന്ന് വേളാങ്കണ്ണിയിലേക്കും തിരിച്ചും ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പ്രത്യേക പ്രതിവാര ട്രെയിൻ സർവീസുകൾ നടത്തുമെന്ന് റെയിൽവേ അറിയിച്ചു. കേരളത്തിൽ നിന്നുള്ള തീർഥാടകർക്കായി പ്രത്യേകമായി ഒരുക്കിയിരിക്കുന്ന ഈ സർവീസ് യാത്ര കൂടുതൽ സൗകര്യപ്രദമാക്കുമെന്നാണ് പ്രതീക്ഷ.

ഓഗസ്റ്റ് 27, സെപ്റ്റംബർ 3, 10 തീയതികളിലെ വ്യാഴാഴ്‌ചകളിലാണ് 06061 എറണാകുളം ജംഗ്ഷൻ-വേളാങ്കണ്ണി സ്പെഷ്യൽ സർവീസ് നടത്തുക. ഉച്ചയ്ക്ക് 1 മണിക്ക് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് പുലർച്ചെ 5.50ന് വേളാങ്കണ്ണിയിലെത്തും.

കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്‌താംകോട്ട, കൊലിയാനി, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെന്മല, ചെങ്കോട്ട, കടയനല്ലൂർ, തെങ്കാശി ജംഗ്ഷൻ, ശങ്കരൻകോവിൽ, രാജപാളയം, ശ്രീവില്ലിപുത്തൂർ, ശിവകാശി, വിരുതുനഗർ, അരുപ്പുക്കോട്ടൈ, മാനാമധുര, ശിവഗംഗ, കാരൈക്കുടി, അത്തങ്കുടി, പുതുക്കോട്ടെ, അതിരാമപട്ടണം, തിരുത്തുറൈപ്പൂണ്ടി, തിരുവാരൂർ, നാഗപട്ടണം എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുള്ളത്.

മടക്കയാത്രയ്ക്കായി 06062 വേളാങ്കണ്ണി–എറണാകുളം ജംഗ്ഷൻ സ്പെഷ്യൽ ഓഗസ്റ്റ് 28, സെപ്റ്റംബർ 4, 11 തീയതികളിലെ വെള്ളിയാഴ്ചകളിൽ സർവീസ് നടത്തും. വൈകിട്ട് 6.40ന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 11.50ന് എറണാകുളം ജംഗ്ഷനിലെത്തും.

യാത്രക്കാരുടെ സൗകര്യം മുൻനിർത്തി ആകെ 18 കോച്ചുകളാണ് ട്രെയിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു സെക്കൻഡ് എസി കോച്ച്, രണ്ട് തേർഡ് എസി കോച്ചുകൾ, 13 സ്ലീപ്പർ കോച്ചുകൾ, ഭിന്നശേഷിക്കാർക്ക് സൗഹൃദപരമായ രണ്ട് സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിവ ഇതിലുണ്ട്.

വേളാങ്കണ്ണി തിരുനാളിൽ പങ്കെടുക്കാൻ പദ്ധതിയിടുന്ന തീർഥാടകർക്കും കുടുംബങ്ങൾക്കും ഈ പ്രത്യേക സർവീസ് വലിയ ആശ്വാസമാകും. തിരക്ക് കണക്കിലെടുത്ത് യാത്രക്കാർ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് റെയിൽവേ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!