ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്.ഐ.ടിക്ക് നിർദേശം

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ അന്തിമ റിപ്പോർട്ട് ഉടൻ നൽകാൻ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിർദേശം നൽകി. കേസിന്റെ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭ്യമായ സാഹചര്യത്തിലാണ് കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് സെപ്റ്റംബർ 3-ന് വീണ്ടും പരിഗണിക്കും. 2025-ൽ ദ്വാരപാലക പാളി കടത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ 54 പേരുടെ മൊഴി രേഖപ്പെടുത്തിയതായി എസ്.ഐ.ടി കോടതിയെ അറിയിച്ചു.

ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിച്ചതോടെ പ്രതികൾ നടപ്പിലാക്കിയ കുറ്റകൃത്യത്തിന്റെ കൃത്യമായ രീതിയും വ്യാപ്തിയും വ്യക്തമായിട്ടുണ്ടെന്നും അന്വേഷണ സംഘം ഹൈക്കോടതിയിൽ വ്യക്തമാക്കി. കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം ഭരണസമിതി അംഗങ്ങൾ, തന്ത്രി എന്നിവരെ പ്രതിയാക്കി എസ്.ഐ.ടി നേരത്തെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

2019-ൽ സ്വർണ്ണം പൊതിഞ്ഞ ദ്വാരപാലക പാളികളിൽ അളവിൽ കുറവ് വരുത്തി സ്വർണ്ണം പൂശിയ നടപടി മറച്ചു വെക്കാൻ പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് എസ്.ഐ.ടിയുടെ പ്രധാന കണ്ടെത്തൽ. ദേവസ്വം ചട്ടങ്ങൾ കാറ്റിൽപ്പറത്തി ദ്വാരപാലക പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയത് സ്‌പോൺസറും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ചേർന്ന് വർഷങ്ങളായി നടത്തിയ കൃത്യമായ പദ്ധതിയുടെ ഭാഗമാണെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!