അതിർത്തി ജില്ലകളിൽ ജനസംഖ്യാ ഘടനയിൽ വലിയ മാറ്റം; കാരണങ്ങൾ നേരിട്ട് വിലയിരുത്തണമെന്ന് ഉന്നതതല സമിതിയോട് കേന്ദ്ര ആഭ്യന്തര മന്ത്രി

ന്യൂഡൽഹി: രാജ്യത്തെ അതിർത്തി ജില്ലകളിൽ ജനസംഖ്യാ ഘടനയിൽ സംഭവിക്കുന്ന മാറ്റങ്ങൾ വിശദമായി പഠിക്കാൻ നിയോഗിച്ച ഉന്നതതല സമിതിയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദേശം നൽകി. ജനസംഖ്യാ വ്യതിയാനത്തിന് പിന്നിലെ കാരണങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി അതിർത്തി മേഖലകളും സമീപ ജില്ലകളും സന്ദർശിക്കണമെന്ന് സമിതി അംഗങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.

നിയമവിരുദ്ധ കുടിയേറ്റത്തിന്റെ ഫലമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനസംഖ്യാ ക്രമത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പരിശോധിക്കാനും ആവശ്യമായ പരിഹാര നിർദേശങ്ങൾ സമർപ്പിക്കാനുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മേയ് മാസത്തിലാണ് സമിതി രൂപീകരിച്ചത്. സുപ്രീം കോടതി വിരമിച്ച ജഡ്ജി പ്രകാശ് പ്രഭാകർ നൗലേക്കറുടെ നേതൃത്വത്തിലുള്ള സമിതിയിൽ സെൻസസ് കമ്മിഷണർ, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ദുർഗ ശങ്കർ മിശ്ര, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ബാലാജി ശ്രീവാസ്‌തവ, സാമ്പത്തിക വിദഗ്ധ ഡോ. ഷമിക രവി എന്നിവർ അംഗങ്ങളാണ്.

വിവിധ മത-സാമൂഹിക വിഭാഗങ്ങൾക്കിടയിൽ അസാധാരണമായി രേഖപ്പെടുന്ന ജനസംഖ്യാ മാറ്റങ്ങളുടെ സ്വഭാവവും കാരണങ്ങളും ശാസ്ത്രീയമായി പഠിക്കുകയാണ് സമിതിയുടെ പ്രധാന ചുമതല. അതിർത്തി കടന്നുള്ള അനധികൃത നീക്കങ്ങൾ, സാമ്പത്തിക ഇടപാടുകൾ, സാമൂഹികവും പരിസ്ഥിതിപരവുമായ ഘടകങ്ങൾ എന്നിവ ജനസംഖ്യാ വ്യതിയാനത്തെ സ്വാധീനിക്കുന്നുണ്ടോയെന്നും പരിശോധിക്കും.

ആസൂത്രിത കുടിയേറ്റം, അസാധാരണമായ താമസസൗകര്യങ്ങളുടെ വർധന എന്നിവയും സമിതിയുടെ നിരീക്ഷണ പരിധിയിലുണ്ട്. രാജ്യത്ത് താമസിക്കുന്ന നിയമവിരുദ്ധ കുടിയേറ്റക്കാരെ കണ്ടെത്തൽ, തടങ്കലിൽ പാർപ്പിക്കൽ, നാടുകടത്തൽ എന്നിവയ്ക്കായി സമഗ്രമായ ചട്ടക്കൂട് രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ശുപാർശകളും സമിതി സർക്കാരിന് സമർപ്പിക്കും. ഇതിനാവശ്യമായ നിയമ-ഭരണപരിഷ്‌കാര നിർദേശങ്ങളും റിപ്പോർട്ടിന്റെ ഭാഗമാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!