മുംബൈ: രാജ്യത്തെ ദാരിദ്ര്യം ഇല്ലാതാക്കാന്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്ന് ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി. സൗജ്യന്യങ്ങളും ഇളവുകളും നടപ്പാക്കുന്നത് ദാരിദ്രത്തെ ഇല്ലാത്താക്കാന്‍ സഹായിക്കില്ലെന്നാണ് എന്‍ ആര്‍ നാരായണ മൂര്‍ത്തിയുടെ നിലപാട്. മുംബൈയില്‍ സംഘടിപ്പിച്ച വ്യവസായികളുടെ സംഗമത്തിലായിരുന്നു ഇന്റഫോസിസിസ് സഹസ്ഥാപകന്റെ പരാമര്‍ശം.
രാജ്യത്ത് നൂതനമായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ അവസരം ആവശ്യമാണ് . ഇതിലൂടെ പുതിയ വ്യവസായങ്ങളും വ്യവസായികളും വളര്‍ന്നുവരും. ഇത്തരം സാഹചര്യം ഉണ്ടായാല്‍ വെയില്‍ തെളിയുമ്പോള്‍ അപ്രത്യക്ഷമാകുന്ന പ്രഭാതത്തിലെ മഞ്ഞ് പോലെ ദാരിദ്ര്യം രാജ്യത്തുനിന്നും ഇല്ലാതാകുമെന്നും നാരായണ മൂര്‍ത്തി പറയുന്നു. ലോകത്തെവിടെയും ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ നല്‍കുന്നതിലൂടെ ദാരിദ്ര്യം ഇല്ലാതായതായി അറിവില്ല. തൊഴില്‍ സൃഷ്ടിക്കുന്നതിലൂടെയാണ് നമ്മള്‍ ദാരിദ്ര്യത്തെ മറികടക്കുന്നത്. നിങ്ങള്‍ ഓരോരുത്തരും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നവരാണ് എന്ന് എനിക്കറിയാം എന്ന് വ്യവസായികളോട് പറഞ്ഞുകൊണ്ടായിരുന്നു നാരായണ മൂര്‍ത്തിയുടെ പ്രതികരണം.
പ്രതിമാസം 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കുന്നതിനെ ഉദാഹരിച്ച നാരായണ മൂര്‍ത്തി ഇത്തരം സാഹചര്യങ്ങളില്‍ ഈ ഗുണം പറ്റുന്നവരുടെ വീടുകളിലെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരവും ഇതില്‍ മാതാപിതാക്കള്‍ക്കുള്ള പങ്കും വിലയിരുത്താന്‍ തയ്യാറാകണം എന്നും പറയുന്നു. തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടെ ക്ഷേമ പദ്ധതികള്‍ എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിരവധി സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സാഹചര്യം നിലനില്‍ക്കെയാണ് നാരായണ മൂര്‍ത്തിയുടെ പരാമര്‍ശം ശ്രദ്ധ നേടുന്നത്.
നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളെയും ചടങ്ങില്‍ നാരായണ മൂര്‍ത്തി വിമര്‍ശിച്ചു. എല്ലാത്തിനും എ ഐ എന്ന നിലയിലാണ് ഇന്ത്യയിലെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഇതൊരു ഫാഷനായി മാറിയിരിക്കികുന്നത്. എഐ എന്ന വിശേഷണത്തോടെ എത്തുന്ന നിരവധി സാധാരണ പ്രോഗ്രാമുകള്‍ നമുക്ക് മുന്നിലുണ്ട്. മെഷീന്‍ ലേണിങ്, ഡീപ്പ് ലേണിങ് എന്നിവയാണ് എ ഐയുടെ അടിസ്ഥാനം. മനുഷ്യ മസ്തിഷ്‌കം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഡീപ് ലേണിങ്ങിന്റെ അടിസ്ഥാനം.
എന്നാല്‍ ശേഖരിക്കപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മെഷീന്‍ ലേണിങ്ങ് നിലനില്‍ക്കുന്നത്. മെഷീന്‍ ലേണിങ് മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട അല്‍ഗൊരിതങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് നിലനില്‍ക്കുന്നത്. അതിന് ധാരാളം ഡാറ്റകള്‍ ആവശ്യമായി വരുന്നു. ഡീപ് ലേണിങ്ങ് സ്വതന്ത്രമായ തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുന്നവയാണ്.
നേരത്തെ, ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യണമെന്ന പരാമര്‍ശത്തിലൂടെയും നാരായണ മൂര്‍ത്തി വിവാദത്തില്‍ ഇടം പിടിച്ചിരുന്നു. ഇന്ത്യയെ ഒന്നാം നമ്പര്‍ ആക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട് എന്ന തിരിച്ചറിവ് യുവജനങ്ങള്‍ക്ക് ഉണ്ടാവണം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജോലി സമയത്തെ കുറിച്ചുള്ള പ്രസ്താവന. ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷ ചടങ്ങില്‍ വച്ചായിരുന്നു നാരായണ മൂര്‍ത്തിയുടെ ഈ പരാമര്‍ശം.