സഹകരണ ബാങ്ക് ലോക്കറിൽ വെച്ച 48 പവൻ സ്വർണം കാണാതായതായി പരാതി….സമരമാരംഭിച്ച് യുവതിയും കുടുംബവും…

കൊല്ലം: കൊല്ലത്തെ പ്രമുഖ സഹകരണ ബാങ്കിലെ ലോക്കറിൽ വെച്ച സ്വർണം കാണാതായതോടെ ബാങ്കിന് മുന്നിൽ സമരം ആരംഭിച്ച യുവതിയും കുടുംബവുംപേരൂർ സ്വദേശിനിയായ ധന്യ സുജിത് ആണ് കൊല്ലം പേരൂർ സഹകരണ ബാങ്കിനു മുന്നിൽ സമരം ആരംഭിച്ചിരിക്കുന്നത്. അമ്മയോടും കുട്ടിയോടുമൊപ്പം പ്രതിഷേധം. ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന ഇവരുടെ 48 പവൻ സ്വർണമാണ് നഷ്ടപ്പെട്ടത്.

2013 മുതൽ ധന്യ ബാങ്കിന്റെ ലോക്കർ ഉപയോഗിച്ചുവരികയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 22-ന് ലോക്കർ തുറക്കാൻ ധന്യബാങ്കിലെത്തി. എന്നാൽ ലോക്കർ കൈകാര്യം ചെയ്യുന്ന ജീവനക്കാരൻ അവധിയിലാണെന്നും അടുത്ത ആഴ്ച വരാനും ബാങ്ക് അധികൃതർ ആവശ്യപ്പെട്ടു. ഏപ്രിൽ 27-ന് വീണ്ടും ബാങ്കിലെത്തിയ ധന്യ ലോക്കർ തുറന്നു പരിശോധിച്ചപ്പോഴാണ് മുഴുവൻ സ്വർണ്ണവും നഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്.

തുടക്കത്തിൽ ബാങ്ക് അധികൃതർ വിഷയം ഒതുക്കി തീർക്കാൻ ശ്രമിച്ചതായാണ് പറയുന്നത്. 4 മണിവരെ സമയം ആവശ്യപ്പെട്ടെങ്കിലും സ്വർണ്ണം ലഭിക്കാതെ വന്നതോടെ ധന്യ പോലീസിൽ പരാതി നൽകി. ഏപ്രിൽ 27-ന് പരാതി നൽകിയെങ്കിലും മെയ് ആറിനാണ് കിളികൊല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയതോടെയാണ് പോലീസ് കേസെടുക്കാൻ തയ്യാറായത്.

മാതാപിതാക്കളുടെ സ്വത്ത് വിറ്റുകിട്ടിയ പണവും, വിദേശത്തായിരുന്ന ഭർത്താവിന്റെ സമ്പാദ്യവും ചേർത്താണ് 48 പവൻ സ്വർണം വാങ്ങിയത്. പെൺമക്കളുടെ ഭാവിയെ കരുതി സ്വരുക്കൂട്ടിവെച്ച സ്വർണം തിരികെ ലഭിക്കും വരെ സമരം തുടരാനാണ് ധന്യയുടെ തീരുമാനം. സംഭവത്തിൽ കൃത്യമായ മറുപടി നൽകാൻ ബാങ്ക് അധികൃതർ തയ്യാറായിട്ടുമില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!